കൊല്ലം: ജോലിക്കു നിന്ന വീട്ടിന്റെ മതില് ചാടിയെത്തി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു.കാസര്‍കോട് ബന്തടുക്ക സ്വദേശിനി രേവതിയാണ് (36) മരിച്ചത്. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാഭവനില് ജിനുവിനെ ശൂരനാട്ടു നിന്ന് അഞ്ചാലുംമൂട് പോലീസ് പിടികൂടി.
രേവതിയും ജിനുവും നാളുകളായി പിണങ്ങി കഴിയുകയാരുന്നു. ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നിരുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ മതില് ചാടിയെത്തിയ ജിനു, രേവതിയുമായി വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ രേവതി മുറ്റത്ത് തന്നെ കുഴഞ്ഞുവീണു. നിലവിളികേട്ട് ഓടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.തുടർന്ന് ജിനുവിനെ പൊലീസ് രണ്ടു മണിക്കൂറിനു ശേഷം ശൂരനാട് നിന്ന് പിടികൂടി.
ഭരണിക്കാവിലെ സ്ഥാപനത്തില്‍ ജീവനക്കാരനായ ജിനു രാത്രി ബൈക്കിലാണ് ഭാര്യ ജോലിക്കുനില്‍ക്കുന്ന താന്നിക്കമുക്കിലെ വീട്ടിലെത്തുന്നത്. കുത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാളെ 11 മണിയോടെ ശൂരനാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.