രണ്ട് ബഹിരാകാശ സഞ്ചാരികളുമായി റഷ്യയുടെ സോയുസ് റോക്കറ്റിന്റെ ദൗത്യം പരാജയപ്പെട്ടത് ഒക്ടോബർ പന്ത്രണ്ടിനായിരുന്നു. നാസയുടെ നിക്ക് ഹാഗുവും റഷ്യയുടെ അലക്സി ഒാചിനിനുമായിരുന്നു പേടകത്തിലുണ്ടായിരുന്നത്. അപകടമുണ്ടായതോടെ ഇരുവരുമിരുന്ന പേടകം റോക്കറ്റിൽനിന്നു തെറിച്ചതിനാൽ പരിക്കേൽക്കാതെ സുരക്ഷിതമായി നിലത്തിറങ്ങാനായി.
അപകടത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യം റഷ്യൻ ബഹിരാകാശ സംഘടനയായ റോസ്കോസ്മോസ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിക്ഷേപണം മുതൽ തകരുന്നതുവരെയുള്ള 84 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണത്. ഭൗമോപരിതലത്തിന് 31 മൈൽ ഉയരത്തിൽവച്ചായിരുന്നു അപകടം. റോക്കറ്റിന്റെ ബൂസ്റ്ററുകളിലൊന്ന് വേർപെടാതെ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.
സെൻസറിനുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്ന് റോസ്കോസ്മോസ് അറിയിച്ചു. തകരാറുകൾ പരിഹരിച്ച് സോയുസ് ഡിസംബറിൽ വീണ്ടും വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോയുസ് എത്തിയാൽ മാത്രമേ ബഹിരാകാശനിലയത്തിലുള്ള മൂന്നു പേർക്ക് ഭൂമിയിലേക്ക് തിരികെയെത്താൻ കഴിയൂ.
വിക്ഷേപണത്തിലുണ്ടായ പരാജയം അസ്വസ്തതയുണ്ടാക്കുന്നതാണ്. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യരെ എത്തിക്കാൻ കഴിവുള്ള ഒരേയൊരു റോക്കറ്റാണിത്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് സോയുസിന്റെ വിക്ഷേപണം.
സ്പേസ് സ്റ്റേഷനിലെത്താൻ ശേഷിയുള്ള വാണിജ്യ റോക്കറ്റുകൾ നിർമിക്കാൻ സ്പേസ് എക്സും ബോയിംഗും ശ്രമിക്കുന്നുണ്ടെങ്കിലും 2019 പകുതിക്കു ശേഷമേ അവ തയാറാകൂ.
