വാഷിംഗ്ടൺ ഡിസി: ഇന്ത്യ-റഷ്യ അസംസ്കൃത എണ്ണ വ്യാപാരത്തിൽ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തിയില്ലെങ്കിൽ ഇന്ത്യക്കെതിരേ വൻതോതിലുള്ള താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
റഷ്യയുമായുള്ള ഊർജ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിരുന്നതായും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
ബുധനാഴ്ച ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് നടത്തിയ അപ്രതീക്ഷിത പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇന്ത്യ എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് വാങ്ങുന്നത്.
ഈ ഇടപാടുകൾ യുക്രെയ്ൻ യുദ്ധത്തിന് പണം കണ്ടെത്താൻ റഷ്യയെ സഹായിക്കുന്നു. റഷ്യയുമായി ക്രൂഡ് ഓയിൽ വ്യാപാരം നിലനിർത്തുന്ന രാജ്യങ്ങൾക്കു മേലുള്ള സമ്മർദ്ദവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്.
എണ്ണ വരുമാനമാണ് വ്ലാഡിമിർ പുടിന്റെ സൈനിക നടപടികളെ നിലനിർത്തുന്നതെന്നാണ് അവരുടെ വാദം.