ന്യൂഡൽഹി: റഷ്യൻ സൈന്യത്തിനുവേണ്ടി പോരാടുന്ന 22 കാരനായ ഇന്ത്യൻ പൗരൻ മജോതി സാഹിൽ മുഹമ്മദ് ഹുസൈനെ യുക്രെയ്ൻ സൈന്യം പിടികൂടി. ഗുജറാത്തിലെ മോർബി സ്വദേശിയായ ഹുസൈൻ കീഴടങ്ങുകയായിരുന്നുവെന്ന് യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങൾ തേടുകയാണെന്ന് വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു.
ജയിൽ ശിക്ഷ ഒഴിവാക്കാനാണ് ഹുസൈൻ യുദ്ധത്തിൽ പങ്കുചേർന്നതെന്ന് യുക്രെയ്ൻ വെളിപ്പെടുത്തുന്നു. ഹുസൈൻ പഠനത്തിനായാണ് റഷ്യയിൽ എത്തിയത്. പിന്നീട് മയക്കുമരുന്നു കേസിൽ പിടിക്കപ്പെടുകയും ഏഴുവർഷം ശിക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു. യുക്രെയ്ൻ സൈന്യം അവരുടെ ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.
യുക്രെയ്ൻ സൈന്യം പുറത്തിറക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ഹുസൈൻ റഷ്യൻ ഭാഷയിൽ സംസാരിക്കുന്നതും ജയിൽ ശിക്ഷ ഒഴിവാക്കാൻ വേണ്ടിയാണ് താൻ റഷ്യൻ സൈന്യത്തിൽ ചേർന്നതെന്ന് സമ്മതിക്കുന്നതും കാണാം.
ഒക്ടോബറിൽ യുദ്ധഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നതിന് മുമ്പ്, വെറും 16 ദിവസത്തെ അടിസ്ഥാന പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ഹുസൈൻ വിവരിക്കുന്നു. തന്റെ കമാൻഡറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും ഹുസൈൻ വ്യക്തമാക്കി.