കോട്ടയം: ശബരി റെയിൽവെ പദ്ധതി നടപ്പിലാകണമെങ്കിൽ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ പാതയ്ക്ക് സ്ഥലം ഏറ്റെടുത്തു തുടങ്ങിയാലുടൻ ശബരി പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്ക് അനുമതി ലഭിച്ച 1997-98ലെ റെയിൽവേ ബജറ്റിൽ 550 കോടിയെന്നു കണക്കാക്കിയ ചെലവ് നിലവിൽ 3800 കോടിയായി ഉയർന്നു. ഇതിൽ നേർപ്പകുതി സംസ്ഥാനം വഹിക്കണമെന്നാണ് കരാർ. 1900 കോടി രൂപ സംസ്ഥാനം ശബരി പദ്ധതിക്കായി കണ്ടെത്തണം. അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകും.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടർ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകണം. ഇതിനായി തഹസീൽദാർമാരെ നിയോഗിച്ച് സ്പെഷൽ ഓഫീസുകൾ തുറക്കണം. നവംബറിൽ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത മാസം അവസാനം ഉണ്ടായേക്കാം.
വിജ്ഞാപനം വന്നാൽ ശബരി പദ്ധതിയിൽ സ്ഥലമെടുപ്പിന് വീണ്ടും മൂന്നു മാസംകൂടി കാത്തിരിക്കണം. അതായത് ഇക്കൊല്ലം സ്ഥലം എടുപ്പ് തുടങ്ങാനുള്ള സാധ്യത മങ്ങും. വൈകുംതോറും പദ്ധതിയുടെ ചെലവ് കൂടുകയും ചെയ്യും.
സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങുന്നതിനുള്ള കാബിനറ്റ് യോഗം സർക്കാർ ചേർന്നിട്ടില്ല. കിഫ്ബി വഴി ഇതിനുള്ള തുക ഉപാധികളില്ലാതെ നൽകാൻ കേരളം തീരുമാനിച്ചാൽ മാത്രമേ നടപടികൾ മുന്നോട്ടുപോകൂ.
പദ്ധതിയുടെ നേട്ടം
എരുമേലി, ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും. മലയോര കാർഷികമേഖലയിൽ ചരക്കുനീക്കം വേഗത്തിലാകും. ഇതര സംസ്ഥാന തൊഴിലാളികൾക്കും യാത്രകൾക്ക് സൗകര്യപ്രദം. കോട്ടയം, ഇടുക്കി ജില്ലകളിലെ യാത്രക്കാർക്ക് ഏറെ നേട്ടം. ഇടുക്കി ജില്ല റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കും.
നിലവിലെ സാഹചര്യം
ശബരി പാതയ്ക്ക് ഇതിനകം 264 കോടി രൂപ റെയിൽവേ ചെലവഴിച്ചിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീറ്റർ പാതയും കാലടി സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും പണിതു. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ രണ്ടു ബജറ്റുകളിൽ 200 കോടി രൂപ നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ പണം ചെലവഴിക്കാനായില്ല.
നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷനുസമീപം പിഴക് വരെ റവന്യു, റെയിൽവേ സംയുക്ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണു കോട്ടയം ജില്ലയിലെ സ്റ്റേഷനുകൾ. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. കൊരട്ടിയിലാണ് എരുമേലി സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്.