മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അണ്ടര്‍റേറ്റഡ് കളിക്കാരനാണെന്നു തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. “അസാധ്യതാരമാണ് (സിറാജ്). അസാമാന്യ സമീപനം. അയാളുടെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടമാണ്. കാലില്‍ സ്പ്രിംഗ് വച്ചതുപോലാണ് അയാളുടെ പ്രകടനം. ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ അയാളുടെ മുഖത്തും ബൗളിംഗിലുമുള്ള സ്ഥായിയും സ്ഥിരതയാര്‍ന്നതുമായ പ്രകടനം ഒരു ബാറ്ററും ഇഷ്ടപ്പെടില്ല. മത്സരം തീരുന്നതുവരെ ഒരേ ആറ്റിറ്റ്യൂഡിലാണ് അയാളുള്ളത്. അര്‍ഹിച്ച പരിഗണന അയാള്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം’’ – സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ജയിച്ചിപ്പത് മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടയിലും സിറാജായിരുന്നു ഒന്നാമത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും സിറാജ് തന്നെ.
ജഡേജ ചെയ്തതു ശരി
മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് സമനിലയില്‍ പിരിയാമെന്നു പറഞ്ഞപ്പോള്‍ അതുനിരാകരിച്ച്, ക്രീസില്‍ തുടര്‍ന്ന് സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ നടപടിയെയും സച്ചിന് അനുകൂലിച്ചു. ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അര്‍ഹിച്ച സെഞ്ചുറിയാണ് സ്വന്തമാക്കിയതെന്ന് സച്ചിന് വ്യക്തമാക്കി.
ജഡേജ 89ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 80ഉം റണ്‍സ് എടുത്തുനില്ക്കേയാണ് സ്റ്റോക്സ് സമനിലയില്‍ പിരിയാമെന്ന ഓഫര്‍ മുന്നോട്ടുവച്ചത്. ക്രീസില്‍ തുടര്‍ന്ന ജഡേജയും (107 നോട്ടൗട്ട്) വാഷിംഗ്ടണും (101 നോട്ടൗട്ട്) സെഞ്ചുറി നേടിയശേഷമാണ് സമനിലയ്ക്കായി കൈകൊടുത്തത്.