തമിഴ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മുമ്പില്‍ അഭിനയിക്കുന്നതിന് നടി സായി പല്ലവി ചില നിബന്ധനകള്‍ മുന്നോട്ടുവച്ചതായും അതുമൂലം പല അവസരങ്ങളും താരത്തിന് നഷ്ടമായെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. തന്നെക്കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സായി ഇപ്പോള്‍. എന്നെക്കുറിച്ച് പരാതിപ്പെടാന്‍ തമിഴ് സിനിമയില്‍ ഇതുവരെ ഞാന്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ല. ഇത്തരം രസകരമായ അപവാദങ്ങളുമായി ആളുകള്‍ എവിടെ നിന്നു വരുന്നുവെന്ന് അറിയില്ല. ദ്വയാര്‍ഥമുള്ള സംഭാഷണങ്ങളോ അല്ലെങ്കില്‍ എനിക്ക് ഇഷ്ടമല്ലാത്ത രീതിയിലുള്ള വേഷങ്ങള്‍ ധരിക്കണമെന്നോ ആവശ്യപ്പെട്ട് മേഖലയിലെ ആരും എന്നെ സമീപിച്ചിട്ടില്ല. എല്ലാവരും വളരെ നല്ല രീതിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്- സായി വ്യക്തമാക്കി. സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്താനത്തിന്റെ നായികയായി സായി തമിഴില്‍ അരങ്ങേറുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ വാര്‍ത്തയും പുറത്തുവന്നത്.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല: സായി പല്ലവി
