കൊച്ചി: മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു എന്നും സാന്ദ്ര പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സാന്ദ്രയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു.
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ…
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്.
ആർക്കാണ് ഇതുകൊണ്ടു നേട്ടം?
ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം. ഇപ്പോൾ തിയറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘മാജിക് ഫ്രെയിമിന്റെ’ നിയന്ത്രണത്തിലാണ്.
മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.
ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്.
ഒരു സാധാരണ സിനിമ നിർമാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്. അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും തിരിച്ചറിയണം.
ലിസ്റ്റിൻ സ്റ്റീഫൻ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം. ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യർഥിക്കുന്നു. തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോനുന്നു. മലയാള സിനിമയും അതിന്റെ നിർമാതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും അതിന്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ,
സാന്ദ്ര തോമസ്.