ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല താൻ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നു പ്രഖ്യാപിച്ചു. ഒരുകാലത്തും അധികാരത്തിനു പിന്നാലെ പോയിട്ടില്ല.
ജയലളിത ജീവിച്ചിരുന്നപ്പോഴും അങ്ങനെതന്നെ. ജയലളിതയുടെ മരണശേഷവും അങ്ങനെതന്നെയായിരിക്കും.
ഡിഎംകെയുടെ പരാജയത്തിനായി അണ്ണാഡിഎംകെ പ്രവർത്തകർ ഒരുമിച്ചു നിൽക്കണമെന്നും ശശികല പ്രസ്താവനയിൽ അറിയിച്ചു.
66 കോടിയുടെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ നാലുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങിയ ശശികലയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകരണമാണു ലഭിച്ചത്.
ശശികല തെങ്കാശിയിൽ മത്സരിക്കുമെന്ന് സഹോദരീപുത്രനും അമ്മ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ജയലളിതയുടെ നിര്യാണത്തിനുശേഷം ശശികലയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഉയർത്തിയിരുന്നു.ശശികലയെയും ടി.ടി.വി. ദിനകരനെയും 2017 ലാണ് അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കിയത്