കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവര്‍ക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നല്കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്.
രാമകൃഷ്ണനും ഉല്ലാസും നല്കിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്. ഫോണ്‍ സംഭാഷണം റിക്കാർഡ് ചെയ്ത ഹര്‍ജിക്കാര്‍ അത് എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തെന്നാണു സത്യഭാമയുടെ പരാതി.
എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.