കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂലൈ 26 ലെ പ്രവൃത്തി ദിവസം സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളില്‍ വൈരുധ്യം. ഇതുമൂലം അധ്യാപകര്‍ അങ്കലാപ്പില്‍.
പുതിയ സ്കൂള്‍ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച (26ന്) യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. എന്നാല്‍ സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും യുപി, ഹൈസ്കൂള്‍ അറ്റാച്ച്ഡ് എല്‍പി വിഭാഗത്തിനും അന്ന് പ്രവൃത്തി ദിനമല്ല. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമല്ല.
എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നിര്‍ദേശത്തിന് വിരുദ്ധമായി ചില വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള എല്‍പി സ്കൂളുകളിലെ അഞ്ചാം ക്ലാസ് മാത്രം ശനിയാഴ്ച പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് അപ്പര്‍ പ്രൈമറിയുടെ ഭാഗമാണ് എന്നതാണ് ഇതിന് ആധാരം. എന്നാല്‍, അഞ്ചാംക്ലാസ് വരെയുള്ള സ്കൂളുകള്‍ എല്‍പി ആയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് പരിഗണിക്കപ്പെടുന്നത്.
നാമമാത്രമായ കുട്ടികള്‍ക്കായി ഉച്ചഭക്ഷണം തയാറാക്കുക, ഏതാനും കുട്ടികള്‍ക്കു മാത്രമായി സ്കൂള്‍ വാഹനം ഓടിക്കുക തുടങ്ങിയവ അപ്രായോഗികമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. അതേസമയം സ്കൂള്‍ വാഹനം, ഉച്ചഭക്ഷണം എന്നിവ ലഭ്യമായില്ലെങ്കില്‍ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ പ്രതിസന്ധി ഇരട്ടിയായിരിക്കുന്നത്.
എല്ലാ ജില്ലകളിലും ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള എല്‍പി സ്കൂളുകള്‍ ഒട്ടേറെയുണ്ട്. അതിനാല്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി ഇറങ്ങിയ ഉത്തരവിലും, സ്കൂള്‍ കലണ്ടറിലും ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളുള്ള എല്‍പി സ്കൂളുകളുടെ കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
സ്വന്തം ലേഖിക