കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനു പിന്നാലെ ഈ വിഷയത്തില്‍ സര്‍ക്കാരിനു തലവേദനയായി ബിജെപിയും. സര്‍ക്കാര്‍ മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നാണ് ബിജെപിയുടെ ആവശ്യം. സ്കൂള്‍ സമയമാറ്റം പിന്‍വലിക്കാന്‍ മതസംഘടനകളുമായി ചര്‍ച്ച നടത്തുന്നത് തന്നെ തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.
മതസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും സമരപ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്.ഇതിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. ഇന്ന് വൈകുന്നേരം നാലരയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ചേംബറിലാണ് ചര്‍ച്ച. മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സമസ്ത ഏകോപന സമതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.
സ്കൂള്‍സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസമാകുമെന്നായിരുന്നു സമസ്ത നേതാക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് സമയമാറ്റമെന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നോട്ടില്ല എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചിരുന്നത്. പിന്നീട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയില്‍ സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു.സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സംഘടിത മതശക്തികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. മതേതരത്വ ബോധം ലവലേശമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.
പ്രീണന രാഷ്ട്രീയമാണ് കേരളത്തിന്റെ സര്‍വമേഖലകളിലെയും തിരിച്ചടിക്ക് കാരണം. വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ചയ്ക്ക് പിണറായി സര്‍ക്കാരിന്റെ നിരവധി നടപടികള്‍ ഇതിനകം തന്നെ കാരണമായിട്ടുണ്ട്. സ്കൂളുകളില്‍ പഠിക്കാനുളള സമയം തീരുമാനിക്കേണ്ടത് മത സംഘടനകളല്ല. അവരുമായി ചര്‍ച്ച നടത്തുന്നത് പോലും കേരളത്തിന് നാണക്കേടാണ്. പഠിച്ച് സമ്മാനം വാങ്ങിയ കുട്ടി വേദിയില്‍ സമ്മാനം വാങ്ങാന്‍ കയറിയതിന് ഭീഷണി മുഴക്കിയ സംഘടനകളുമായി ജനാധിപത്യ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണ്.
മതപഠനത്തിനായി സ്കൂള്‍ സമയക്രമത്തില്‍ അല്ല മാറ്റം വരുത്തേണ്ടത്. പകരം മതപഠനത്തിനുള്ള സമയത്തിലാണ് മതസംഘടനകള്‍ മാറ്റം കണ്ടെത്തേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളില്‍ 1,100 മണിക്കൂറെങ്കിലും കുറഞ്ഞത് പഠന സമയം വേണം. അത് വിദ്യാര്‍ഥികളുടെ അവകാശമാണ്.
ആ കാര്യത്തില്‍ മതസംഘടനകളുടെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ നിലപാട് തിരുത്തുകയോ പിന്നോട്ട് പോകുകയോ ചെയ്യരുത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് യു-ടേണ്‍ അടിച്ചാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുന്നറിയിപ്പു നല്കി.