ജയ്പുർ: നിയമസഭയിൽ ഖനികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാജസ്ഥാൻ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ ജയ്കൃഷ്ണ് പട്ടേൽ (38) ആണ് പിടിയിലായത്.
ബൻസ്വാര ജില്ലയിലെ ബാഗിദോറ നിയമസഭാ മണ്ഡലത്തിൽ (എസ്ടി) നിന്നുള്ള എംഎൽഎയാണ് പട്ടേൽ. ഔദ്യോഗികവസതിയിൽവച്ച് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംഎൽഎയെ പിന്നീട് എസിബി ആസ്ഥാനത്തേക്കു കൊണ്ടുപോയി.
പരാതിക്കാരനിൽനിന്ന് 10 കോടി രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 2.5 കോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കി. ഇതിൽ 20 ലക്ഷം രൂപ കൈമാറുന്ന സമയത്താണ് എംഎൽഎ പിടിയിലാകുന്നത്. പട്ടേൽ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിന് എസിബിയുടെ കൈവശം ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് എസിബി അറിയിച്ചു. \