കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തരേന്ത്യക്കാരായ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര് അറസ്റ്റില്‍. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ പാലക്കാട് മുതുക്കുറിശി സ്വദേശിയായ അക്ബര്‍ അലി, ഇയാളുടെ സുഹൃത്ത് മുനീര്‍, ഇടപാടുകാരനായെത്തിയ ഒരാള്‍, ആറ് ഉത്തരേന്ത്യക്കാരായ യുവതികള്‍ എന്നിവരെയാണ് എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.
ഇവരുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തി.ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിനു കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു .
പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല. പരിശോധനയെ തുടര്‍ന്ന് അക്ബര്‍ അലിയെ എളമക്കര പോലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കര്‍ഷ റോഡില്‍ മറ്റൊരു സ്ഥാപനം കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ പോലീസ് ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.
കസ്റ്റമറിനെ കാത്ത് അഞ്ച് സ്ത്രീകൾ
പോലീസ് എത്തുമ്പോള്‍ മുറിയില്‍ ഒരു ഇടപാടുകാരനും യുവതിയും ഉണ്ടായിരുന്നു. മറ്റുള്ള അഞ്ചു യുവതികള്‍ കസ്റ്റമറിനെ കാത്തിരിക്കുകയായിരുന്നു. ലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്. സ്ഥാപനത്തിനുള്ളില്‍ നടത്തിയിരുന്ന ഇടപാടുകള്‍ക്ക് ഒറ്റത്തവണ അയ്യായിരം രൂപ വരെ ഇടാക്കിയിരുന്നു.
കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്കു യുവതികളെ എത്തിക്കുന്നതിന് 9,000 രൂപയ്ക്കു മുകളിലായിരുന്നു പണം ഈടാക്കിയിരുന്നത്. ഇത്തരത്തില്‍ അക്ബര്‍ അലി ലക്ഷങ്ങള്‍ സമ്പാദിച്ചതായാണു പോലീസ് പറയുന്നത്. പാലക്കാട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. വീടിനു സമീപത്തായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായക്കടയുണ്ട്. ഇവിടെ സ്ഥിരമായി ആളുകള്‍ കൂട്ടത്തോടെ എത്തുമായിരുന്നു.
അക്ബര്‍ അലി പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നതു പ്രണയംനടിച്ച്
അക്ബര്‍ അലി പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത് പ്രണയം നടിച്ചായിരുന്നുവെന്നു പോലീസ് പറയുന്നു. ഇയാള്‍ ആഡംബരക്കാറിലായിരുന്നു പലപ്പോഴും കറങ്ങിയിരുന്നത്. ഇത്തരത്തില്‍ സൗഹൃദത്തിലാകുന്ന യുവതികള്‍ക്കു ലഹരി നല്കി അനാശാസ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും സൂചനയുണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് പോലീസിനു ലഭിച്ചത്.
ഇതില്‍ ഐടി പ്രഫഷണലുകളും നഗരത്തിലെ ചില കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. അക്ബര്‍ അലി മുമ്പ് കാക്കനാടാണു താമസിച്ചിരുന്നത്. ഐടി മേഖലയായ ഇവിടെ ഇയാള്‍ക്കു നിരവധി സൗഹൃദങ്ങള്‍ ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ യുവതികളെ ഇയാള്‍ അനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
- സ്വന്തം ലേഖിക