കാസർഗോഡ്: പള്ളിക്കര പൂച്ചക്കാട് ഷവര്‍മ കഴിച്ച 14 മദ്രസ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. തെക്കേപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഇവിടെ നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു.
ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്നു ഷവര്‍മ വാങ്ങി നല്കി. ഇതു കഴിച്ച കുട്ടികള്‍ക്കാണു ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. രാത്രിതന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവമറിഞ്ഞ് ആളുകള്‍ ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. മുഹമ്മദ് അഷ്റഫും ജാഫര്‍ പൂച്ചക്കാടുമാണ് ഹോട്ടല്‍ നടത്തുന്നത്.
മുമ്പ് പരാതികള്‍ ഉയര്‍ന്നതിനെത്തുടർന്ന് ഷവര്‍മ ഉണ്ടാക്കുന്നതു നിര്ത്തിവച്ചിരിക്കുകയായിരുന്നെന്നും തിരുവോണനാളിലാണു തുടങ്ങിയതെന്നും പഴകിയ ഇറച്ചിയാണെന്ന ആക്ഷേപം ശരിയല്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.