പത്തനംതിട്ട: ഒരു ജീവന് പൊലിഞ്ഞതോടെ സജീവമായ സിസ്റ്റം ഒരാഴ്ചയ്ക്കുള്ളില്‍ 12 വര്‍ഷത്തെ ശമ്പളബിൽ പാസാക്കി. ഇതിനൊപ്പം വർഷങ്ങളായി തടസപ്പെട്ടുകിടന്ന പല ബില്ലുകൾക്കും പുതുജീവനും കൈവന്നു.
നാറണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ 12 വര്‍ഷത്തെ കുടിശികയില്‍ 29 ലക്ഷം രൂപ കഴിഞ്ഞദിവസം അക്കൗണ്ടില്‍ വന്നു. 53 ലക്ഷം രൂപയാണു പാസാക്കിയിരിക്കുന്നത്. ബാക്കി തുക പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കും. ലേഖയുടെ ഭര്‍ത്താവ് വി.ടി. ഷിജോ കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയിരുന്നു.
ഹൈക്കോടതിവിധി ഉണ്ടായിട്ടും ലേഖയുടെ ശമ്പളം നല്കാന് വിദ്യാഭ്യാസവകുപ്പ് തയാറായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നായിരുന്നു ഷിജോ മരിച്ചതെന്നാണ് കുടുംബം ആരോപിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ഡിഇഒയിലെ മൂന്നു ജീവനക്കാര്‍ സസ്പെന്‍ഷനിലുമായി.
അനുകൂലമായ ഹൈക്കോടതിവിധിയും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശവും മറികടന്നാണ് ലേഖയുടെ ശമ്പളക്കുടിശിക സംബന്ധിച്ച ഫയലിൽ തീർപ്പുണ്ടാക്കാതെ വിദ്യാഭ്യാസ ഓഫീസിൽ മാറ്റിവച്ചത്.
ഷിജോയുടെ മരണത്തോടെ ശമ്പളബിൽ നടപടി വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു. ശന്പളബിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടെന്ന പേരിൽ ഡിഇഒയിൽ റിപ്പോർട്ട് നൽകിയെങ്കിലും അതും ശരിയല്ലെന്നു ബോധ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസവകുപ്പ് നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.
കെട്ടിക്കിടന്ന ഫയലുകൾക്കും പുതുജീവൻ
ഇതിനിടെ, പത്തനംതിട്ട ഡിഇഒയിൽ വർഷങ്ങളായി തടസപ്പെട്ടുകിടന്ന പല ബില്ലുകൾക്കും പുതുജീവൻ. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളും നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
സർക്കാർ ഉത്തരവുപ്രകാരം ഭിന്നശേഷിക്കാരെ നിയമിച്ചിട്ടും അത്തരം വിഷയങ്ങളിൽപ്പോലും തീരുമാനമെടുത്തിരുന്നില്ല. ഇത്തരം പ്രശ്നങ്ങളടക്കം ദിവസങ്ങൾക്കുള്ളിൽ പരിഹരിച്ചുവരികയാണ്.