കരിമാലൂർ (എറണാകുളം): അങ്കണവാടിയുടെ അലമാരയിൽ മൂർഖൻ പാന്പിനെ കണ്ടെത്തി. ആലുവയ്ക്കടുത്ത് വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എട്ടു വിദ്യാർഥികളായിരുന്നു ഇന്നലെ അങ്കണവാടിയിലെത്തിയത്. പ്രഭാത പ്രാർഥന കഴിഞ്ഞ് ഇവർക്കു കളിക്കാനായി അധ്യാപിക ഷെൽഫിൽനിന്നു കളിപ്പാട്ടത്തിന്റെ പെട്ടി എടുക്കുമ്പോഴാണു മൂർഖനെ കണ്ടത്.
ഭാഗ്യത്തിനാണ് അധ്യാപിക വിഷപ്പാന്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇവർ ബഹളംവച്ചതോടെ ഹെൽപ്പർ ഓടിയെത്തുകയും ഇരുവരും ചേർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തേക്കു മാറ്റുകയും ചെയ്തു. നാട്ടുകാരും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി വിവരം വനംവകുപ്പിനെ അറിയിച്ചു. പാമ്പുപിടിത്ത വിദഗ്ധൻ രേഷ്ണുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു.
അങ്കണവാടിക്കു ചുറ്റും നെൽപ്പാടങ്ങളാണ്. കെട്ടിടത്തിന്റെ ജനൽ ഗ്ലാസ് കഴിഞ്ഞദിവസം ഇളകിപ്പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. അതിനാൽ ഇതുവഴിയാകാം വിഷപ്പാമ്പ് അകത്തുകയറിയതെന്നാണു നിഗമനം.