പയ്യന്നൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചതിക്കുഴികളിലൂടെ പണം തട്ടിയെടുത്ത സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും പാഠങ്ങള്‍ പഠിക്കാതെ വീണ്ടും തട്ടിപ്പ് കത്രികപൂട്ടിൽ തലവച്ചു കൊടുക്കുന്നവരുടെ എണ്ണം കുറയുന്നില്ല. പണത്തോടുള്ള അത്യാർത്തി മൂത്ത് ടാസ്കിൽ മയങ്ങിയ കുഞ്ഞിമംഗലത്തെ യുവതിക്ക് നഷ്ടമായത് 9,12,798 രൂപ. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ഇരുപത്തഞ്ചുകാരിക്കാണ് പണം നഷ്ടപ്പെട്ടത്.
ഏറ്റവും ഒടുവിൽ വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിഞ്ഞതോടെ പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകി. വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന ഇന്സ്റ്റാഗ്രാമിലൂടെയെത്തിയ പരസ്യമാണ് യുവതിയെ കുഴിയില്‍ ചാടിച്ചത്.
ഒരു ദിവസം 5,000 മുതല്‍ 10,000 രൂപവരെ സമ്പാദിക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയവര്‍ വാഗ്ദാനം. ഇവര്‍ നല്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ച് കഴിവ് തെളിയിച്ചാൽ വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ ചെയ്യാനാകുന്ന ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ആദ്യം നല്കിയ ചെറിയ സംഖ്യകളുടെ ടാസ്ക്കുകള് പൂര്‍ത്തീകരിച്ചപ്പോള്‍ ഇവരുടെ വാലറ്റിലെ കണക്കുകളില്‍ പണം വരുന്നത് കണ്ടതോടെ ഉത്സാഹമായി. പിന്നീട് വലിയ തുകകള്‍ക്കുള്ള ടാസ്ക്കുകളാണ് കിട്ടിയത്. ആദ്യത്തേപ്പോലെ ടാസ്ക് പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് പണം തിരിച്ചുവന്നുമില്ല. ഇങ്ങിനെയാണ് അക്കൗണ്ടിലെ പണം പ്രതികളിലേക്കൊഴുകിയത്.
ടാസ്ക്കുകള് പൂര്‍ത്തീകരിച്ചപ്പോഴേക്കും 9,12,798 രൂപ നഷ്ടപ്പെട്ടിരുന്നു. ഈ മാസം 10 മുതല്‍ 18 വരേയുള്ള ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഞ്ജലി വര്‍മ, ഷഖ്യ, ആരവ് ഷര്‍മ, അര്ജുന് ചൗഹാന് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.