കുരിയച്ചിറ (തൃശൂർ): പിക്കപ്പ് വാനിൽ കടത്തിയ 1,575 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് സംഘം സിനിമാ സ്റ്റൈലിൽ പിടികൂടി. സ്പിരിറ്റ് കടത്തിയ പിക്കപ്പ് വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം.
എക്സൈസ് ഇന്റലിജൻസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയ്ക്കിടെ പിക്കപ്പ് വാൻ നിർത്താതെ പോകുകയായിരുന്നു. പിക്കപ്പവാനിനെ എക്സൈസ് സംഘം കാറിൽ പിന്തുടർന്നു.
കുരിയച്ചിറ സെന്റ് മേരീസ് സ്ട്രീറ്റിന് സമീപം എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തി.
പിന്നീട് ഉദ്യോഗസ്ഥർ പിക്ക്അപ്പ് വാനിനെ മറികടന്ന് റോഡിൽ ജീപ്പ് വിലങ്ങനെ നിർത്തിയതോടെ പിക്കപ്പ് വാൻ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സമീപത്തെ വീടിന്റെ മതിൽ ചാടി കടന്നാണ് ഡ്രൈവർ രക്ഷപ്പട്ടത്.
ടയർ റിസോളിംഗ് സാധനങ്ങൾ സൂക്ഷിച്ചിരിന്ന ചാക്കുകളുടെ അടിയിലാണ് 45 കന്നാസുകളിലായി സിപിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രസാദ്, ജബ്ബാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.