ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പൂച്ചയെ പിടികൂടി! കോസ്റ്റാറിക്കയിലെ പോകോസി ജയിലിലേക്ക് 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി കടക്കാനുള്ള ശ്രമത്തിനിടെയാണു പൂച്ചയെ പിടിയിലായത്. ദേഹത്ത് കെട്ടിവച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്ഥിരമായി ജയിലിനുള്ളിൽ എത്താറുള്ള പൂച്ചയെ, തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ജയിലിനു പുറത്തുള്ള ആരോ ഉപയോഗിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്.
ജയിലിനുള്ളിൽ പതിവായി മയക്കുമരുന്ന് എത്തുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ നിരീക്ഷണം നടത്തിവരുന്നതിനിടെയാണു സംശയകരമായനിലയിൽ പൂച്ചയെ കണ്ടത്. പൂച്ചയുടെ ശരീരം വെള്ളത്തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. പൂച്ചയെ പിടികൂടി കത്രിക ഉപയോഗിച്ച് തുണി നീക്കം ചെയ്തപ്പോഴാണു മയക്കുമരുന്ന് പായ്ക്കറ്റ് കണ്ടത്. ഇത് പിടിച്ചെടുത്തശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിനു കൈമാറി.
ജയിലിനു സമീപത്തെ മരത്തിലൂടെയാണു പൂച്ച ജയിലിനുള്ളിൽ എത്തിയിരുന്നത്. രാത്രി മരത്തിന് മുകളിലൂടെ നീങ്ങിയ പൂച്ചയെ ജയിൽ അധികൃതർ അതിസാഹസികമായി പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില് വൈറലായി. പൂച്ച നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നുമടക്കമുള്ള കമന്റുകൾ വീഡിയോക്കു താഴെ നിറഞ്ഞു.