ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക് സൗദി അറേബ്യയിൽ തുറന്നു. ചൈന ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ സിൻയി-യുമായി സഹകരിച്ച് അൽമൂസ ഹെൽത്ത് ഗ്രൂപ്പ് ആണ് എഐ ക്ലിനിക് ആരംഭിച്ചത്.
‘ഡോ. ഹുവ’ എന്നാണ് ക്ലിനിക്കിലെ എഐ ഡോക്ടറുടെ പേര്. രോഗികൾക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഡോ. ഹുവയോട് രോഗവിവരങ്ങൾ പറയാം. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഡോ. ഹുവ ചികിത്സ നിർദേശിക്കുന്നു.
രോഗനിർണയം മുതൽ മരുന്നു കുറിക്കുന്നതുവരെ എഐ ഡോക്ടർ സ്വതന്ത്രമായി ചെയ്യും. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് രോഗനിർണയവും ചികിത്സാഫലങ്ങളും അവലോകനം ചെയ്യാൻ മനുഷ്യ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണു ക്ലിനിക് നിലവിൽ പ്രവർത്തിക്കുക.