തിരുവനന്തപുരം: കായികവിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള സമയമാണിതെന്ന് കെപിഎസ് പിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്റും ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറുമായ മാത്യു തൈക്കടവില്‍. കായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗമാണ്. വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എയ്ഡഡ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ കെപിഎസ് പിഇടിഎയും ഗവണ്മെന്റ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ ഡിപിഡിഎയും സംയുക്തമായാണ് നിസഹകരണം പ്രഖ്യാപിച്ചത്. സ്കൂള്‍ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകര്‍, കായികവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമുറ സ്വീകരിച്ചത്.
65 വര്‍ഷം പഴക്കമുള്ള നിയമനമാനദണ്ഡങ്ങള് പരിഷ്കരിക്കാത്തതിനാല് 65 ശതമാനം യുപി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും എല്ലാ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ സ്കൂളുകളിലും കായിക അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്.
പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് 1800ല്‍ താഴെ കായിക അധ്യാപകര്‍ മാത്രമാണുള്ളത്. കായിക അധ്യാപകരുടെ തസ്തിക സംരക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദേശവുമായി ഇതിനിടെ സര്‍ക്കാര്‍ മുന്നാട്ടുവന്നു. എന്നാല്‍, ഈ തീരുമാനം ഈ വര്‍ഷം തസ്തിക നഷ്ടപ്പെടുന്നവര്‍ക്കു മാത്രമാണ് ബാധകമാകുക. ഇത് വെറും അധ്യാപകപ്രശ്നമല്ല; ഒരു തലമുറയുടെ ആരോഗ്യമുള്ള വളര്‍ച്ചയുടെ പ്രശ്നമാണ് എന്ന് മാത്യു തൈക്കടവില്‍.