ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ പുറത്താക്കാൻ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പടയൊരുക്കം നടക്കുന്നതായി റിപ്പോർട്ട്. സ്റ്റാർമറുടെ വിശ്വസ്തർ തന്നെയാണ് ഇക്കാര്യം ബ്രിട്ടീഷ് മാധ്യമങ്ങളെ അറിയിച്ചത്. ഈ മാസം അവസാനം ബജറ്റ് അവതരണത്തിനുശേഷം സ്റ്റാർമർക്കെതിരേ അട്ടിമറിനീക്കമുണ്ടാകുമെന്നാണു സൂചന.
2024ലെ തെരഞ്ഞെടുപ്പിൽ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ലേബറിനു നേടിക്കൊടുക്കാൻ സ്റ്റാർമർക്കു കഴിഞ്ഞെങ്കിലും 16 മാസത്തെ അദ്ദേഹത്തിന്റെ ഭരണത്തിൽ പാർട്ടിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതാണു വിമതനീക്കത്തിനു കാരണം.
പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ്, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എന്നിവരാണു വിമതനീക്കങ്ങൾക്കു പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്റ്റാർമറെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് വെസ് സ്ട്രീറ്റിംഗ് ഇന്നലെ പ്രതികരിച്ചു. വിമതനീക്കങ്ങളെ സ്റ്റാർമർ ചെറുക്കുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങളും അറിയിച്ചു.
സ്റ്റാർമറുടെ നികുതിനയങ്ങളാണ് അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയാൻ കാരണമെന്നു പറയുന്നു. അടുത്തകാലത്തെ അഭിപ്രായ സർവേകളിൽ ബ്രിട്ടനിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രധാനമന്ത്രിമാരിലൊരാളായി സ്റ്റാർമർ മാറിയിരുന്നു. വലതുപക്ഷ നയങ്ങൾ പുലർത്തുന്ന റിഫോം യുകെ പാർട്ടി ലേബറിനേക്കാൾ മുന്നിലെത്തുകയും ചെയ്തു. ലേബർ പാർട്ടിയിലെ 20 ശതമാനം എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ സ്റ്റാർമറെ നീക്കംചെയ്യാനാകൂ.

