അസൈൻമെന്റുകളും ഹോം വർക്കുകളുമൊക്കെ ചെയ്യാൻ പാതിരാത്രി വരെ ഉറക്കമളച്ച് ഇരുന്നിട്ടുള്ളവരാണ് മിക്ക ആളുകളും. അവധി ആണെങ്കിലും കളിക്കാൻ പോകാതെ കുന്നോളം നോട്ടുകളും വർക്കുകളും ചെയ്ത് തീർക്കാൻ മാത്രമേ നമുക്ക് സമയം ഉണ്ടാവു. ഇപ്പോഴിതാ ഉറക്കമളച്ചിരുന്ന് അസൈൻമെന്റ് ചെയ്ത് പൂർത്തിയാക്കിയ വിദ്യാർഥിനിയോട് അധ്യാപകൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുലർച്ചെ 3:49 -ന് അസൈൻമെന്റ് മെയിൽ ചെയ്ത വിദ്യാർഥിനിയോട് ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കവിത കാംബോജ് പറഞ്ഞ മറുപടിയാണിത്. ഇങ്ങനെ ഉറക്കം കളയേണ്ട എന്നാണ് ടീച്ചറിന്റെ മറുപടി. രാത്രി വൈകി തനിക്ക് മെയിൽ ചെയ്ത കുട്ടിയുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വൈകി കിടക്കുന്നതും ഉറക്കമളയ്ക്കുന്നതുമൊക്കെ കുട്ടികളുടെ ആരോഗ്യം കളയുന്ന സംഭവമാണ്.
ഇത് സംബന്ധിച്ച് കവിത പങ്കുവച്ച കുറിപ്പും വൈറലാകുന്നു. കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് ശരിയായ രീതിയിലുള്ള പ്ലാനിംഗാണ് ഇത്തരം കാര്യങ്ങളിൽ വേണ്ടത് ആരോഗ്യം കളഞ്ഞ്കൊണ്ട് ആരും ഒന്നും ചെയ്യരുതെന്ന് അവർ പറഞ്ഞു.