കോട്ടയം: നീങ്ങി തുടങ്ങിയ ട്രെയിനിലേക്കു ചാടിക്കയറുന്പോൾ താഴേക്കു വീണ പെണ്‍കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തി റെയിൽവേ പോലീസ്. കോട്ടയം റെയിൽവേ പോലീസിലെ സിപിഒ ടി. സുരേഷാണ് സാഹസികമായി പെണ്‍കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 4.15നു ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണു സംഭവം.
മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ടപ്പോൾ മാവേലിക്കര സ്വദേശികളായ രണ്ടു പെണ്‍കുട്ടികൾ ട്രെയിനിലേക്കു ചാടിക്കയറി.
ഒരാൾക്കു ട്രെയിനിലേക്കു കയറാൻ സാധിക്കുകയും മറ്റൊരു പെണ്‍കുട്ടി പിടിവിട്ട് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീഴുകയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സുരേഷ് ഒരുനിമിഷം പോലും താമസിക്കാതെ അതിസാഹസികമായി പെണ്‍കുട്ടിയെ പ്ലാറ്റ് ഫോമിലേക്കു വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഈ ട്രെയിനിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്യുകയായിരുന്നു സുരേഷ്.