തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്.
ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.