ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കുശേഷം പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം. ഇന്നലെ തുടക്കംകുറിച്ച കര-നാവിക-വ്യോമസേനയുടെ “ത്രിശൂൽ 2025′ സൈനികാഭ്യാസം നവംബർ പത്തുവരെ നടക്കും. വിവിധ ഘട്ടങ്ങളിലായി ഗുജറാത്തിലും രാജസ്ഥാനിലുമാണ് ‘ത്രിശൂൽ’ അരങ്ങേറുക.
ശത്രുരാജ്യങ്ങളെ ഇന്ത്യയുടെ സൈനികശേഷി ബോധ്യപ്പെടുത്തുന്നതാണ് സംയുക്ത സൈനികാഭ്യാസമെന്ന് മുതിർന്ന സേനാവൃത്തങ്ങൾ പറഞ്ഞു. മൂന്ന് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള യോജിപ്പും ഏകോപനവും വർധിപ്പിക്കുകയുമാണ് “ത്രിശൂൽ’ ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ കച്ച് മേഖലയിലാണ് പ്രധാന പ്രവർത്തനങ്ങൾ. പാക്കിസ്ഥാനുമായി സംഘർഷ സാധ്യതയുള്ള പ്രദേശമാണ് സിർ ക്രീക്ക് അതിർത്തിയോട് ചേർന്ന ഈ മേഖല.
സിർ ക്രീക്ക് മേഖലയിൽ അതിക്രമങ്ങൾ കാണിക്കാൻ മുതിരരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാക്കിസ്ഥാനു താക്കീതു നൽകിയതിനു പിന്നാലെയാണ് സൈനികാഭ്യാസം ആരംഭിച്ചത്.
കരസേനയുടെ ടി-90 ടാങ്കുകൾ, ബ്രഹ്മോസ്, ആകാശ് മിസൈൽ സംവിധാനങ്ങൾ, പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകൾ, വ്യോമസേനയുടെ റഫാൽ, സു-30MKI യുദ്ധവിമാനങ്ങൾക്കൊപ്പം സീ ഗാർഡിയൻ, ഹെറോൺ ഡ്രോണുകൾ, നാവികസേനയുടെ കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകൾ, നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾ, വേഗതയേറിയ ആക്രമണ കപ്പലുകൾ തുടങ്ങിയവ ത്രിശൂലിൽ അണിനിരക്കും.
പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ഏതു പ്രകോപനത്തിനും കനത്ത തിരിച്ചടി നൽകുമെന്നുള്ള ഇന്ത്യയുടെ മുന്നറിയിപ്പാണ് “ത്രിശൂൽ 2025′. അതേസമയം, സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി 48 മണിക്കൂർ അടച്ചുപൂട്ടി.


 
  
 