കുഴല്‍പ്പണക്കടത്തുകാര്‍ക്ക് പേടി സ്വപ്നം ഈ ഹൈവേമാന്‍ റോബിന്‍ഹുഡ്, പോലീസുകാരനായും എന്‍ഫോഴ്‌സ്‌മെന്റായും വേഷം മാറുന്നത് നിമിഷ നേരം കൊണ്ട്, പട്ടാളം വിപിന്റെ ഓപ്പറേഷനുകള്‍ ഇങ്ങനെ

കുഴല്‍പ്പണവുമായി കേരള അതിര്‍ത്തി താണ്ടിയെത്തുന്ന കാരിയര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു ഹൈവേമാന്‍ റോബിന്‍ഹുഡ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പട്ടാളം വിപിന്‍ എന്ന തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിന്‍ എന്ന ചെറുപ്പക്കാരന്‍. ബംഗളുരുവില്‍ നിന്നും മംഗലാപുരത്തുനിന്നും അതിനപ്പുറത്തുനിന്നുമൊക്കെ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കുഴല്‍പ്പണം കൊടുത്തയക്കുന്നവര്‍ കാരിയര്‍മാരോട് സൂക്ഷിക്കാന്‍ പറയാറുള്ള രണ്ടുപേരില്‍ ഒരാള്‍ കോടാലി ശ്രീധരനും മറ്റൊന്ന് പട്ടാളം വിപിനുമായിരുന്നു.

കോടാലിയുടേയും പട്ടാളത്തിന്റെയും ശൈലികളെക്കുറിച്ചും കാരിയര്‍മാര്‍ക്ക് കുഴല്‍പ്പണക്കാര്‍ വ്യക്തമായി പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ഇവര്‍ രണ്ടുപേരും തങ്ങളുടെ വലയില്‍ കാരിയര്‍മാരെ വീഴ്ത്തിക്കൊണ്ടേയിരുന്നു. പോലീസുകാരനായും പട്ടാളക്കാരനായും എന്‍ഫോഴ്‌സ്‌മെന്റുകാരനമായൊക്കെ വിപിന്‍ ഹൈവകളിലും ട്രെയിനുകളിലും നിറഞ്ഞാടി. കവര്‍ച്ചാസംഘത്തിലെ പ്രധാനിയാണെന്ന് ഒരിക്കലും തോന്നിക്കാത്ത വിധം ഏതോ ഉന്നത ഉദ്യോഗസ്ഥനാണെന്ന രീതിയില്‍ തന്നെയാണ് വിപിന്‍ കുഴല്‍പ്പണം കടത്തുന്നവരോട് ഇടപെട്ടിരുന്നത്.

ട്രെയിനിലും ബസിലും മറ്റും വാഹനങ്ങളിലും കുഴല്‍പ്പണവുമായി എത്തുന്നവരെ സമീപിച്ച് താന്‍ പോലീസില്‍ നിന്നാണെന്നും എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നാണെന്നുമെല്ലാം പറഞ്ഞ് പരിചയപ്പെടുത്തി ഐഡി കാര്‍ഡെല്ലാം കാണിച്ച് കാരിയര്‍മാരെ സ്വന്തം വാഹനത്തിലേക്ക് മാറ്റിക്കയറ്റി ദുരെ കൊണ്ടുപോയി അവരെ മര്‍ദ്ദിച്ചും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും അവരെ വണ്ടിയില്‍ നിന്നും തട്ടിയിട്ട് പണവുമായി കടന്നുകളയുന്ന രീതിയായിരുന്നു വിപിന്റേത്.

കാണാന്‍ സുമുഖനും മികച്ച രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം അഭിനയിച്ചു ഫലിപ്പിക്കാനും കഴിവുള്ള ഇയാളെ കുഴല്‍പ്പണക്കാര്‍ ബെസ്റ്റ് ആക്ടര്‍ എന്ന കോഡ് ഉപയോഗിച്ചും വിശേഷിപ്പിച്ചിരുന്നു. സാധാരണ കുഴല്‍പ്പണസംഘങ്ങളെ കവര്‍ച്ച ചെയ്യുന്ന രീതിയേ ആയിരുന്നില്ല വിപിന്റെയും സംഘത്തിന്റെയും. വളരെ പബ്ലിക്കായി വന്ന് കുഴല്‍പ്പണക്കാരെ തന്ത്രപൂര്‍വം യാതൊരു ബഹളവും പ്രശ്‌നങ്ങളുമില്ലാതെ കടത്തിക്കൊണ്ടുപോയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ വാളയാര്‍ അതിര്‍ത്തിയില്‍ വച്ച് ചെന്നൈയിലേക്ക് പോയിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് രണ്ടു കാറുകളിലായി എത്തി തടഞ്ഞ് നിര്‍ത്തി ബസിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ജോണ്‍സണെ എല്ലാവരും കാണ്‍കെ ബസില്‍ നിന്നിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയാണ് അയാളില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നത്. കുഴല്‍പ്പണവും സ്വര്‍ണവുമായി ആരെല്ലാം ഏതെല്ലാം റൂട്ടില്‍ വരുന്നുവെന്ന വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ വിപിനിന് പലയിടത്തും ചാരന്‍മാരുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച കാറില്‍ സഞ്ചരിക്കുന്നതിനിടെ സംഘത്തിലെ നാലുപേര്‍ പിടിയിലായതോടെയാണ് ഇവരില്‍നിന്ന് വിപിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് തൃശൂര്‍ പോലീസിന്റെ സഹകരണത്തോടെയാണ് കഴിഞ്ഞദിവസം വിപിനെ അറസ്റ്റുചെയ്തത്.

2015ല്‍ ഹൊസൂര്‍ ദേശീയപാതയില്‍വച്ച് മൂന്നുകോടിരൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത സംഘം ഇവര്‍തന്നെയാണെന്നും തെളിഞ്ഞിരുന്നു. ഇതോടെ എട്ടു കേസുകള്‍ക്കാണ് അറസ്റ്റിലായവരില്‍ നിന്നും തുന്പു ലഭിച്ചത്. റോഡില്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുക, ട്രെയിനില്‍കയറി യാത്രക്കാരെ കൊള്ളയടിക്കുക, വീട്ടില്‍കയറി പോലീസാണെന്ന് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുക തുടങ്ങിയ കേസുകളെല്ലാം ഇവര്‍ക്കെതിരെയുണ്ട്. എല്ലാ കേസുകളിലും ഇവര്‍ തട്ടിയെടുത്തത് ലക്ഷങ്ങളായിരുന്നു. അധികവും കണക്കില്‍പ്പെടാത്ത പണമായതിനാല്‍ പരാതിക്കാര്‍ കേസ് നല്‍കാതിരുന്നതാണ് ഇവരെ പിടികൂടാനും വൈകിയത്.

സംഘത്തലവനായ വിപിനെതിരെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വ്യാജനമ്പര്‍ ഉപയോഗിച്ച് വാഹനമോടിച്ചതിനും കേസുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ചെറുതും വലുതുമായ നാല്‍പ്പതോളം കവര്‍ച്ചകള്‍ ഇത്തരത്തില്‍ വിപിനും സംഘവും നടത്തിയിരുന്നു. ഇതിന്റെയെല്ലാം തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ കവര്‍ച്ചകളിലായി 15 കോടിയോളം രൂപയും 30 കിലോ സ്വര്‍ണപവും ഈ ഹൈവേ റോബിന്‍ഹുഡും കൂട്ടരും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പണവും സ്വര്‍ണവും നഷ്ടപ്പെട്ടവരാരും പരാതി നല്‍കാത്തതിനാല്‍ കേസുകളില്ല.

ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്കും ചെന്നെയില്‍ നിന്ന് കേരളത്തിലേക്കും വന്‍തോതില്‍ കുഴല്‍പ്പണം എത്തുന്നുവെന്ന് വ്യക്തമായി അറിയാവുന്ന വിപിനും സംഘവും ഈ റൂട്ടില്‍ വരുന്ന ബസുകളും ട്രെയിനുകളും സ്ഥിരമായി നോട്ടമിട്ടിരുന്നു. വിപിന്റെ കൂട്ടാളികളെ പോലീസ് പിടികൂടിയതോടെ സംഘത്തലവനായ വിപിന്‍ പിടിയിലാകുമെന്ന് ഭയന്ന് പലയിടത്തായി മാറി മാറിത്താമസിച്ചുവരികയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് ഈ ഹൈവേമാന്‍ റോബിന്‍ഹുഡ് പോലീസ് പിടിയിലകപ്പെട്ടത്.

Related posts