മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു.
അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്റെ പേരില്‍ നടന്ന അരുംകൊല. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്. വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല.
കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു. 2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം. ആറു വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവിലാണ് തുഷാരയുടെ മരണം.
2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടില്‍ ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞു മൂന്നാം മാസം മുതല്‍ തുഷാരയ്ക്കു ക്രൂരപീഡനമായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്തുനിന്നു സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള ബന്ധം പൂര്‍ണമായി നിരസിക്കപ്പെട്ടു.
സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്. അവരെ സ്നേഹിക്കാന്‍ പോലും അനുവദിക്കാതെ, ഭക്ഷണം നല്‍കാതെ, പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവൾ ആ വീട്ടില്‍ തളയ്ക്കപ്പെട്ടു.
തുഷാരയുടെ വീട്ടുകാര്‍ക്കും കുട്ടികളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.തുഷാരയുടെ മകളെ നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ അധ്യാപിക അമ്മയുടെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികള്‍ നല്കിയ മറുപടി. മാത്രമല്ല രണ്ടാം പ്രതിയായ ചന്തുലാലിന്റെ അമ്മയുടെ പേരാണ് അമ്മയുടെ പേരായി നഴ്സറിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നത്.
അഞ്ചര വര്‍ഷം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവില്‍ തുഷാര മരണത്തിന് കീഴടങ്ങി. 2019 മാര്‍ച്ച് 21-ന് രാത്രിയാണ് തുഷാരയുടെ മരണവിവരം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കണ്ടതു തുഷാരയുടെ ശോഷിച്ച മൃതദേഹമാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. 27-ാം വയസില്‍ അവളുടെ ഭാരം വെറും 21 കിലോഗ്രാമായിരുന്നു. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു. രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാല്‍ പോലീസിനോട് പറഞ്ഞത്.
ഇതില്‍ സംശയം തോന്നിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ശാസ്ത്രീയ തെളിവുകളും അയല്‍ക്കാരടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ പ്രതികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു.
തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീതലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. ഭര്‍ത്താവും ഭര്‍തൃമാതാവും തുഷാരയെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്.
പുഞ്ചിരി നിറഞ്ഞ മുഖവുമായി മനസ് നിറയെ സ്വപ്നങ്ങളുമായി ഭര്‍തൃവീട്ടിലേക്കു കയറുന്ന പെണ്‍കുട്ടികള്‍ക്കു എന്താണ് സംഭവിക്കുന്നത്. ഇവര്‍ എന്തിനാണ് ഉള്‍വലിയുന്നത്. ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പുരുഷനും അവന്റെ കുടുംബവും എന്തിനാണ് ഇവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നത്.
പെണ്‍കുട്ടി കൊണ്ടുവരുന്ന പണവും സ്വര്‍ണവും മാത്രം നോക്കി വാങ്ങുന്നവരായി ഭര്‍ത്താവ് എന്ന ആള് മാറുകയാണോ. നിറത്തിനും പണത്തിനും സ്വര്‍ണത്തിനും വാഹനത്തിനും കണക്കുപറഞ്ഞു പീഡിപ്പിക്കുന്നതും കെട്ടിത്തൂക്കുന്നതും മനോരോഗമാണോ അതോ ഫാഷനാണോ എത്രയേത്ര സംഭവങ്ങളാണ് മലയാളിയുടെ മനസിനെ നൊമ്പരപ്പെടുത്തി കടന്നുപോകുന്നത്.
അയല്പക്കത്തെ കഥകള്‍ കേട്ടു കരയുന്നവര്‍ വരെ സ്വന്തം വീട്ടില്‍ മരുമക്കളെയും ഭാര്യയേയും പീഡിപ്പിച്ചുകൊല്ലുന്നവരായി മാറുന്നു.
ഈ സമൂഹം ഇപ്പോഴും സ്ത്രീയെ വിലമതിക്കുന്നത് സ്ത്രീധനത്തിന്റെ പേരിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന ചില പ്രധാന സ്ത്രീധന മരണ കേസുകള്‍ പരിശോധിച്ചാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിനു പുറമേ സ്വന്തം വീട്ടില്‍ നിന്നും പിന്തുണ ലഭിക്കാത്തതും ഈ മരണങ്ങളില്‍ ഒരു വലിയ കാരണമാണ്.
മകള്‍ക്കൊരു ദുരന്തം സംഭവിച്ചുകഴിയുമ്പോള്‍ എന്റെ മകളെ കൊന്നേ എന്നു നിലവിളിക്കുന്നവര്‍ പോലും മകളെ ചേര്‍ത്തുപിടിക്കുന്നില്ല. കൊല്ലത്തെ തുഷാര, ഉത്ര,വിസ്മയ,വിപഞ്ചിക, അതുല്യ, ആലപ്പുഴ ജില്ലയിലെ അര്‍ച്ചന, സുചിത്ര, തൃശൂരിലെ അഫ്സാന, കോട്ടയം ഏറ്റൂമാനൂരിലെ ഷൈനിയും കോട്ടയത്തെ തന്നെ അഡ്വ. ജിസ്മോളും നീളുന്നു കണ്ണീരിന്റെ കഥ. തുഷാരയുടെ ദേഹത്ത് മാംസം ഇല്ലാതായപ്പോള്‍, ഉത്രയുടെ ശരീരത്തിലേക്ക് വിഷം കയറിയപ്പോള്‍, വിസ്മയയുടെ കണ്ണീരും വാട്സ്ആപ്പ് സന്ദേശങ്ങളും നമ്മെ തേടി വന്നപ്പോള്‍ വിപഞ്ചികയും അതുല്യയുമെല്ലാം നൊമ്പരമായി നില്ക്കുന്നു.
(തുടരും)