ജലന്ധർ: ഭാര്യ ജിയാൻ കൗർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മരണശേഷം, വിഷാദരോഗത്തെ നേരിടാനാണ് ഫൗജ സിംഗ് മാരത്തണ്‍ ഓടാൻ തുടങ്ങിയത്.
ആത്മകഥയായ ‘ദ ടർബൻഡ് ടൊർണാഡോ’യിൽ അദ്ദേഹം ഇക്കാര്യം വിവരിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിക്കേണ്ട 89-ാം വയസിൽ മാരത്തൺ വേദിയിലെത്തിയ, ലോകത്തിലെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരനായ, മാരത്തൺ മുത്തച്ഛൻ എന്നറിയപ്പെട്ട ഫൗജ സിംഗിനു 114-ാം വയസിൽ ദാരുണാന്ത്യം.
ജലന്ധർ ജില്ലയിലെ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ചാണ് ഫൗജ കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഫൗജയെ ഇടിച്ചിട്ടശേഷം നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണത്തിലാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
ഗെറ്റ് റെഡി സ്റ്റാർട്ട്
മാരത്തണ്‍ പരിശീലകനായ ഹർമന്ദർ സിംഗിനെ പരിചയപ്പെട്ടശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓടുക എന്ന ലക്ഷ്യത്തോടെയാണ് ഫൗജ ഓട്ടം തുടങ്ങിയത്. 2001ൽ 89-ാം വയസിൽ ലണ്ടൻ മാരത്തണിൽ ആറ് മണിക്കൂർ 54 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റർ ദൂരം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ചു.
2011ൽ 100 വയസുള്ളപ്പോൾ ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണ്‍ എട്ട് മണിക്കൂർ 11 മിനിറ്റുകൊണ്ട് പൂർത്തിയാക്കി ഫുൾ മാരത്തണ്‍ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കാർഡ് സ്വന്തമാക്കി.
തൊട്ടടുത്ത വർഷം ലണ്ടനിൽ നടന്ന തന്റെ അവസാന മാരത്തണ്‍ ഏഴ് മണിക്കൂർ 49 മിനിറ്റുകൊണ്ട് പൂർത്തിയാക്കി. പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തിയെന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് ഫൗജ പറഞ്ഞു. ലണ്ടനിലും ടൊറന്റോയിലും ഹോങ്കോംഗിലും ഉൾപ്പെടെ 18 മാരത്തണുകളിൽ പങ്കെടുത്തു.
മാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ധരിച്ച ടൊർണാഡോ
