കൊല്ലം: ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്രക്കാരെ പിടികൂടാൻ റെയിൽവേ സംരക്ഷണ സേന ( ആർപിഎഫ് ) പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എസി കോച്ചുകളിൽ കർശന പരിശോധന നടത്താൻ റെയിൽവേ ബോർഡ് ആർപിഎഫിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.
ഓരോ ട്രെയിനുകളിലും മൂന്നു പേർ അടങ്ങിയ ടീം ആയിരിക്കും പരിശോധനകൾ നടത്തുക. കൺഫേം -ആർഎസി ടിക്കറ്റില്ലാത്ത യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറി സീറ്റുകൾ കൈയേറുന്നു എന്ന പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇത്തരക്കാരെ ടിക്കറ്റ് പരിശോധകർ പിടികൂടി പിഴ ഈടാക്കാറുണ്ട്.
ഇന്നാൽ നിയമലംഘകരുടെ എണ്ണം നിയന്ത്രിക്കാൻ ടിടിഇ മാർക്ക് കഴിയാത്ത സാഹചര്യത്തിലാണ് പരിശോധന കർക്കശമാക്കാൻ ആർപിഎഫിന് നിർദേശം നൽകിയത്.ചില ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സ്ലീപ്പർ കോച്ചുകളിൽ കയറാൻ പറ്റാത്ത അവസ്ഥ രാജ്യത്ത് പലയിടത്തും ഉണ്ട്.
ഇതുകാരണം ടിടിഇമാർ പോലും ഈ ട്രെയിനുകളിൽ പരിശോധനയിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യവും ഉണ്ട്. ഇതിന അടിയന്തിര പരിഹാരം കാണാനാണ് റെയിൽവേ ബോർഡ് ആർപിഎഫിന് പരിശോധന കടുപ്പിക്കാൻ നിർദേശം നൽകിയിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ