വാഷിംഗ്ടൺ ഡിസി: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരേ കാനഡ പരസ്യം നൽകിയിരുന്നു.
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരേ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരേ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. യുഎസിലേക്ക് കാനഡ 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.

