വാഷിംഗ്ടണ് ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് “ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ’ പാസാക്കി ജനപ്രതിനിധി സഭ. ട്രംപ് ഇന്ന് ബില്ലിൽ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214ന് ആണ് ബില്ല് പാസായത്. നേരത്തെ, ബില്ല് യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു.
ബില്ലിനെ, ക്രൂരമായ ബില്ല് എന്നു മുൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ട്രംപ് എടുത്തുപറഞ്ഞ പരിഷ്കാരമായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ. രണ്ടാം ടേമിൽ ട്രംപിനു ലഭിച്ച പ്രധാന നിയമനിർമാണ വിജയമാണ് ഈ വോട്ടെടുപ്പ് അടയാളപ്പെടുത്തുന്നത്. കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് ധനസഹായം ഉറപ്പാക്കി. 2017ലെ നികുതി ഇളവുകൾ സ്ഥിരമാക്കി. 2024 ലെ പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്ത പുതിയ നികുതി ഇളവുകൾ നൽകി.
“ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നു വിളിക്കപ്പെടുന്ന ട്രംപിന്റെ പുതിയ നികുതി, ചെലവ് ബിൽ, സ്ഥിരമായ നികുതി ഇളവുകളും ഫെഡറൽ ചെലവുകളിൽ പ്രത്യേകിച്ച് പ്രതിരോധം, അതിർത്തി സുരക്ഷ, ഊർജം എന്നിവയിൽ വലിയ വർധനവും സംയോജിപ്പിക്കുന്ന ഒരു സമ്പൂർണ നിയമനിർമാണ പാക്കേജാണ്. അതേസമയം സാമൂഹിക സുരക്ഷാ പ്രോഗ്രാമുകളിൽ വെട്ടിക്കുറവുകൾ വരുത്തുന്നു.
നികുതിയിളവ് വിഭാവനം ചെയ്യുന്ന ബിൽ അനുസരിച്ച് അടുത്ത വർഷം താഴ്ന്ന വരുമാനക്കാർക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാർക്ക് 1,750 ഡോളറിന്റെയും സമ്പന്നർക്ക് 10,950 ഡോളറിന്റെയും ഇളവാണ് നൽകുന്നത്. ചെലവ് വെട്ടിക്കുറയ്ക്കൽ കൂടുതൽ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെമായിരിക്കും.
പോഷകാഹാരത്തിന്റെയും ആരോഗ്യപരിചരണത്തിന്റെയും ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് 12 ലക്ഷം മുതൽ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ജനപ്രതിനിധിസഭയിൽ ബിൽ പാസായെങ്കിലും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ട്രംപ് ഭരണകൂടം നേരിടേണ്ടിവരും. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഴത്തിലുള്ള വിള്ളലുകളെയും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമായി ഡെമോക്രാറ്റുകൾ നിയമനിർമാണത്തെ ഏറ്റെടുക്കാനും സാധ്യതയുണ്ട്.