ഡിട്രോയിറ്റ്: അധികാരത്തിലേറിയതിന്റെ നൂറാം നാൾ റാലി നടത്തി ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ വിമർശിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഷിഗൺ സംസ്ഥാനത്തെ വാറനിൽ നടത്തിയ റാലിയിൽ “നമ്മൾ തുടങ്ങിയിട്ടേയുള്ളൂ, നിങ്ങൾ ഇനിയും കാണാനിരിക്കുന്നു” എന്നാണു ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കയുടെ വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത് അഭ്യന്തര ഉത്പാദനം വർധിക്കാനിടയാക്കും. അമേരിക്കൻ വാഹനവ്യവസായത്തിന്റെ ഹൃദയമായ ഡിട്രോയിറ്റിൽ പുതിയ ഉത്പാദന പ്ലാന്റുകൾ തുടങ്ങാനായി കാർ കന്പനികൾ വരിനിൽക്കുകയാണ്.
അനധികൃത കുടിയേറ്റം തടയുന്നതിൽ വൻ നേട്ടമാണു കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തെക്കൻ അതിർത്തിയിലൂടെ 1.4 ലക്ഷം പേരാണ് അമേരിക്കയിൽ കടന്നത്. ഈ വർഷം അത് ഏഴായിരത്തിൽ താഴെയായി. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് എൽ സാൽവദോറിലെ തടവറയിലേക്കു നാടുകടത്തുന്നതിന്റെ വീഡിയോയും ട്രംപ് പ്രസംഗത്തിനിടെ പ്രദർശിപ്പിച്ചു.
തന്റെ ജനപ്രീതി ഇടിഞ്ഞുവെന്ന അഭിപ്രായസർവേ ഫലങ്ങൾ വ്യാജമാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുൻ പ്രസിഡന്റ് ജോ ബൈഡനെയും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയെയും ട്രംപ് കളിയാക്കി. വരുന്നയാഴ്ചകളിൽ വൻതോതിൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.