ബാഴ്സലോണ/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025 സീസണിന്റെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്മാരുടെ ആറാട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഹോം മത്സരത്തില്‍ 6-1ന് ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകസിനെ തകര്‍ത്തു. ഫെര്‍മിന്‍ ലോപ്പസിന്റെ ഹാട്രിക്കാണ് ബാഴ്സയ്ക്ക് മിന്നും ജയമൊരുക്കിയത്. ജേതാക്കള്‍ക്കായി മാര്‍ക്കസ് റാഷ്ഫോഡ് രണ്ടും ലാമിന് യമാല്‍ ഒരു ഗോളും സ്വന്തമാക്കി.
ഹോം മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 4-0ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഗണ്ണേഴ്സിനായി വിക്ടര്‍ ഗ്യോകെരെസ് ഇരട്ടഗോള്‍ നേടി. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് 7-2ന് ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു.
പിഎസ്ജിക്കായി ഡെസിരെ ഡൗ ഇരട്ടഗോള്‍ സ്വന്തമാക്കി. എര്‍ലിംഗ് ഹാലണ്ട്, ബെര്‍ണാഡോ സില്‍വ എന്നിവരുടെ ഗോളുകളിലൂടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് സ്പെയിനില്‍നിന്നുള്ള വിയ്യാറയലിനെ തോല്‍പ്പിച്ചു. അതേസമയം, ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയെ ഡച്ച് ക്ലബ് ഐന്തോവന് 6-2നു കീഴടക്കി. മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 4-02ന് കോബെന്ഹാവനെയും ന്യൂകാസില്‍ 3-0ന് ബെന്‍ഫികയെയും മറികടന്നു.
ഇന്റര്‍ മിലാന് 4-0ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്‍പ്പിച്ച് മൂന്നാം ജയം സ്വന്തമാക്കി. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പിഎസ്ജി, ഇന്റര്‍ മിലാന്, ആഴ്സണല്‍ ടീമുകളാണ് ഒമ്പത് പോയിന്റുമായി യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍.