കീവ്: യുക്രെയ്ൻ അതിർത്തി ബലപ്രയോഗത്തിലൂടെ മാറ്റിവരയ്ക്കുന്നതിനെ ഒറ്റക്കെട്ടായി എതിർത്ത് യൂറോപ്പ്. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഒന്നൊഴികെ എല്ലാവരും വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തി.
യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും വെള്ളിയാഴ്ച അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് യൂറോപ്പ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
യുക്രെയ്ൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമുണ്ടായിരിക്കണം- യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ അന്താരാഷ്ട്ര അതിർത്തികൾ മാറ്റാൻ പാടില്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം യൂറോപ്യൻ, അന്താരാഷ്ട്ര സുരക്ഷയ്ക്കു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കീവിന് സൈനിക പിന്തുണ നൽകുന്നതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രത്തലവന്മാർ പ്രസ്താവനയിൽ അറിയിച്ചു.ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങളിൽ റഷ്യയുടെ പരമാധികാരത്തിന് നിയമപരമായ അംഗീകാരം നൽകുന്നത് യൂറോപ്യൻ യൂണിയന് അസ്വീകാര്യമാണ്.
എന്നാൽ, നിലവിൽ റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങൾ കീവിനു തിരികെ ലഭിക്കില്ലെന്ന ധാരണ ശക്തവുമാണ്. ഏതൊരു സമാധാന കരാറിലും ‘പ്രദേശങ്ങളുടെ കൈമാറ്റം’ ഉൾപ്പെടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
റഷ്യയുമായി സൗഹൃദം പുലർത്തുകയും യുക്രെയ്നുള്ള യൂറോപ്യൻ യൂണിയൻ സഹായം തടയാൻ ശ്രമിക്കുകയും ചെയ്തുവരുന്ന ഹംഗറി നേതാവ് വിക്ടർ ഓർബാൻ മാത്രമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതിരുന്നത്. യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ന് ട്രംപുമായി ചർച്ച നടത്തുന്നുണ്ട്.