പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ പൂര്‍ത്തിയാകാനിരിക്കേ തെളിവെടുപ്പിനായി ശബരിമലയിലെത്തിച്ചേക്കും.
ഉണ്ണിക്കൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും ഇരുവരും തമ്മില്‍ പണമിടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇന്നലെ എസ്ഐടി കോടതിയെ അറിയിച്ചു. മുരാരി ബാബുവിനെ ഇന്നലെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
പോറ്റിയേയും മുരാരി ബാബുവിനെയും ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പും നടത്താനും ലക്ഷ്യമുണ്ട്. അടച്ചിട്ട കോടതിയിലാണ് ഇന്നലെയും നടപടികള്‍ നടന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്ത സ്വര്‍ണം തൊണ്ടിമുതലായി അന്വേഷണസംഘം റാന്നി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ കവര്‍ച്ച കേസില്‍ രണ്ടാം പ്രതിയും കട്ടളപ്പാളി സ്വര്‍ണ കവര്‍ച്ച കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. ഇരു കേസുകളിലും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയാണ്.1998ല്‍ വിജയ് മല്യ സന്നിധാനത്ത് സ്വര്‍ണം പൊതിഞ്ഞതു സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ദേവസ്വം ബോര്‍ഡിനോട് എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറിയ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിച്ച സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും കണക്ക് വിജിലന്‍സ് കണ്ടെത്തിയത്. ഇതില്‍ 1900 കിഗ്രാം ചെമ്പും 30 കിഗ്രാം സ്വര്‍ണവും എന്നു മാത്രമേ പറഞ്ഞിട്ടുള്ളു.
മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന സ്വര്‍ണം പൊതിയല്‍ ജോലിയുടെ എം ബുക്കും മഹസറുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്നില്ലെങ്കില്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

