വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനു ക്ഷേത്രത്തില്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ദേവസ്വം അധികൃതരുടെ യോഗത്തില്‍ തീരുമാനിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല മണ്ഡലക്കാലത്താണ് ഇക്കുറി അഷ്ടമി ഉത്സവം എന്ന പ്രത്യേകതയുമുണ്ട്.
അഷ്ടമി ഉത്സവത്തിന് പതിവ് രീതിയില്‍ താത്കാലിക അലങ്കാരപ്പന്തലും നാലമ്പലത്തിനകത്ത് വിരിപ്പന്തലും ബാരിക്കേഡുകളും ഒരുക്കും. 35,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലിന്റെയും 6,000 അടിയില്‍ ഒരുക്കുന്ന ബാരിക്കേഡിന്റെയും പണികള്‍ 25നകം പൂര്‍ത്തിയാകും. ക്ഷേത്രത്തിലെ പ്രാതല്പ്പുര, പത്തായപ്പുര, കൃഷ്ണന്‍കോവില്‍, തന്ത്രിമഠം, ക്യാമ്പ് ഷെഡ്, ഭജനമഠം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
നിലവിലുള്ള 34 സിസിടിവി കാമറകള്‍ക്കു പുറമെ ആറു കാമറകളും സ്ഥാപിക്കും. ഹൈമാറ്റ്സ് ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ തകരാറുകള്‍ പരിഹരിക്കും. നിലവിലുള്ള ശുചി മുറികളുടെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതോടൊപ്പം കൂടുലായി കിഴക്കേനടയില്‍ 15 ബയോടോയ്ലെറ്റുകള് സ്ഥാപിക്കും.
എഴുന്നള്ളത്തിന് ദേവസ്വം ആനകള്‍ ലഭിക്കാതെ വന്നാല്‍ മറ്റ് ആനകളെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. വൈക്കത്തഷ്ടമി ഉത്സവത്തിന് ഡിസംബര്‍ ഒന്നിന് കൊടിയേറും.ചരിത്ര പ്രസിദ്ധമായ വൈത്തഷ്ടമി ഡിസംബര്‍ 12ന് ആണ്. 13ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
വൈക്കം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡംഗം പി.ഡി. സന്തോഷ്കുമാര്‍, കമ്മീഷണര്‍ ബി. സുനില്‍കുമാര്‍, ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ എന്‍. ശ്രീധരശര്‍മ, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

