പത്തനംതിട്ട: ഞാലിപ്പൂവൻ, പൂവൻ, ചെങ്കദളി തുടങ്ങി നാടൻ പഴങ്ങൾക്ക് വിപണിയിൽ ഉയർന്ന വിലയെങ്കിലും നാടൻ ഉത്പന്നങ്ങൾ വില്ക്കാൻ ചെന്നാൽ വില കിട്ടുന്നില്ലെന്നു കർഷകർ. അതുകൊണ്ടുതന്നെ ഉയർന്ന വിലയായിട്ടും കർഷകർ ഇവ കാര്യമായി കൃഷി ചെയ്യുന്നില്ല.
തമിഴ്നാട്ടിൽനിന്നു കുറഞ്ഞ വിലയ്ക്കു കുലകൾ വാങ്ങി വിൽക്കുകയാണ് വ്യാപാരികൾ. നാടൻ ഉത്പന്നങ്ങൾക്ക് ഗുണമേൻമയേറുമെങ്കിലും വില്പനയ്ക്ക് അനുയോജ്യമല്ലെന്നാണ് വ്യാപാരികളുടെ വാദം. പഴം അധിക ദിവസം സൂക്ഷിക്കാൻ കഴിയുന്നില്ലത്രേ.ഓണക്കാലത്ത് ഞാലിപ്പൂവനു കിലോഗ്രാമിന് 100 രൂപ വരെയെത്തി.
ശരാശരി 70 – 90 രൂപയ്ക്കു വിറ്റുവന്നിരുന്ന ഞാലിപ്പൂവന് വില കുത്തനെ ഉയർന്നെങ്കിലും നാട്ടിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല. നാടൻ കുലയുമായി വിപണിയിലെത്തിയാൽ കച്ചവടക്കാർക്കു വേണ്ടെന്ന സ്ഥിതിയുണ്ട്. കിലോഗ്രാമിന് പരമാവധി 45 – 50 രൂപയാണ് ലഭിക്കുന്നത്. നാടൻ കുല വേഗത്തിൽ പഴുത്തു പോകുന്നുവെന്നാണ് കച്ചവടക്കാരുടെ പരാതി.
പൂവൻകുലയ്ക്കും ഇതുതന്നെയാണ് സ്ഥിതി. വിപണിയിൽ പഴത്തിന് 60 – 70 രൂപ വിലയുണ്ടെങ്കിലും കർഷകന് 35 രൂപയിൽ അധികം ലഭിക്കാറില്ല. ഇരട്ടിവിലയ്ക്കാണ് വിൽക്കുന്പോൾ വ്യാപാരിക്കു ലാഭം ഇരട്ടി. നാടൻ കുലയോടു വ്യാപാരികൾ താത്പര്യം കാട്ടാത്തതിനു പിന്നിൽ തമിഴ്നാട്ടിൽനിന്നുള്ള മൊത്തക്കച്ചവടക്കാരുടെ സമ്മർദമാണെന്നാണ് കർഷകരുടെ ആരോപണം.
ആവശ്യാനുസരണം കുല എത്തിച്ചു നൽകുന്ന ഇവർ പഴം വേഗത്തിൽ മോശമാകാതിരിക്കാനുള്ള മരുന്ന് തളിക്കൽ അടക്കം നടത്താറുണ്ടെന്ന് ആരോപിക്കുന്നു.
ആവശ്യം കൂടുന്നു, പക്ഷേ
കേരളത്തിൽ വാഴപ്പഴത്തിനു ഡിമാൻഡുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി വിരളമാണ്. ഞാലിപ്പൂവൻ ഇത്തരത്തിൽ കൃഷി ചെയ്താൽ ലാഭമുണ്ടാക്കാമെങ്കിലും കർഷകർ താത്പര്യം കാട്ടുന്നില്ല. പൂവൻ, ചെങ്കദളി, റോബസ്റ്റ, പാളയം തോടൻ, കണ്ണൻ വാഴപ്പഴങ്ങൾക്കും വിപണിയിൽ ഡിമാൻഡുണ്ട്. ഇത്തരം വാഴക്കൃഷി ലാഭകരമായി കൊണ്ടുപോകാമെങ്കിലും വിപണിയിൽ വില സ്ഥിരതയില്ലെന്നതാണ് കർഷകരെ മടുപ്പിക്കുന്നത്. ഞാലിപ്പൂവന് വാഴയുടെ ഇലയ്ക്കുതന്നെ ആവശ്യമേറെയാണ്.
ഇലയ്ക്കും ഡിമാൻഡ്
ഓണക്കാലത്തു വാഴയിലയ്ക്കും തമിഴ്നാടിന് ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്.വാഴ ഇല ഒന്നിന് അഞ്ചു രൂപയ്ക്കാണ് വില്പന. എന്നാൽ കർഷകന് അതു ലഭിക്കാറില്ലെന്നാണ് പരാതി. തമിഴ്നാട്ടിൽ ഈ വില നൽകിയാണ് ഇല വാങ്ങിക്കൊണ്ടുവരുന്നത്.
സദ്യയ്ക്കു മറ്റുമായി വാഴയിലയ്ക്കു കൂടുതൽ ഡിമാൻഡ് കേരളത്തിലാണ്. ഇതറിയാവുന്ന തമിഴ്നാട്ടിലെ കർഷകർ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്തുന്നുമുണ്ട്.
നാടൻ കുല ഉത്പാദനം കൂടിയാൽ സംഭരിച്ചു വില്പന നടത്താനും സംവിധാനങ്ങളില്ല. നാടൻ കാർഷികോത്പന്നങ്ങൾ വാങ്ങുന്നവരും സംഭരിക്കുന്നവരും കുറവാണ്. കർഷകർ നേരിട്ടു വ്യാപാരികൾക്കു നൽകേണ്ടിവരുന്പോൾ ഡിമാൻഡ് കുറയും. മൊത്തക്കച്ചവടക്കാർക്കാകട്ടെ നാടൻ ഉത്പന്നങ്ങളോടും താത്പര്യവുമില്ല.