തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിക്കെതിരേ രാജ്ഭവന് സുപ്രീംകോടതിയിലേക്ക്. വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന് സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയില്‍നിന്നു രാജ്ഭവന് അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
നേരത്തെ ഗവര്‍ണര്‍ നിയമിച്ച രണ്ട് വിസിമാരുടെ നിയമനമാണു ഹൈക്കോടതി റദ്ദാക്കിയത്. വിസി നിയമനത്തിൽ റോളുണ്ടെന്നാണു സർക്കാരിന്റെ വാദം. ഹൈക്കോടതി ഇത് ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. അതേ സമയം താല്‍ക്കാലിക വിസിമാരുടെ പട്ടിക സര്‍ക്കാര്‍ രാജ്ഭവനു നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. നിയമപോരാട്ടങ്ങള്‍ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ രാജ്ഭവന് അന്തിമ തീരുമാനം എടുക്കാന്‍ സാധ്യതയെന്നാണു ലഭിക്കുന്ന വിവരം. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടു സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കവെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.
കേരള സര്‍വകലാശാലയിലെ റജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷനില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്നുവരികയായിരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയിരുന്നില്ല.
ഇതു സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും സര്‍ക്കാരിനെതിരേ വന്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു വിസിയുമായി നടത്തിയ ചര്‍ച്ചയിലാണു മഞ്ഞുരുകിയത്. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് വിസി കഴിഞ്ഞ ദിവസം സര്‍വകലാശാല ആസ്ഥാനത്തെത്തി ഫയലുകളിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളിലും ഒപ്പിട്ടിരുന്നു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധക്കാര്‍ ആരും രംഗത്തുവന്നിരുന്നില്ല. രജിസട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷനില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് വിസിയും സ്വീകരിച്ചത്. സസ്പെന്ഷന് അംഗീകരിച്ചാല്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വിസി നിലപാട് എടുക്കുകയായിരുന്നു.