തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ശിവപ്രിയയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി.മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സൂപ്രണ്ട് ചര്‍ച്ചയിൽ അറിയിച്ചു. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 22ന് എസ്എടി ആശുപത്രിയിലായിരുന്നു ശിവപ്രിയയുടെ പ്രസവം.
പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.

