കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ എറണാകുളം സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയെടുത്തതെന്ന പരാതിയില്‍ കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കും വിധം രേഖകള്‍ ശത്രുരാജ്യത്തിന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചെന്ന കുറ്റം ആരോപിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ 13 നായിരുന്നു സംഭവം.
രഞ്ജിത്ത്കുമാര്‍ എന്ന പേരിലാണ് പരാതിക്കാരന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോള്‍ വന്നത്. ലക്നൗ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി കൊടുക്കാന്‍ സഹായിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടെന്നു പറഞ്ഞായിരുന്നു പണം തട്ടിയത്.
രേഖകള്‍ ചോര്‍ത്തി നല്‍കിയതുവഴി ആസിഫ് ഫൗമി എന്ന ആളില്‍ നിന്ന് 55 ലക്ഷം കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയെന്നും ഇയാള്‍ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 1.05,06,184 രൂപ അവര്‍ ആവശ്യപ്പെട്ട പ്രകാരം നല്‍കുകയായിരുന്നുവെന്നാണ് പരാതിക്കാരന് മൊഴി നല്‍കിയത്.