കേരളത്തിനു പുറത്തേക്ക് പോയാൽ പശുക്കളെയും ആടിനേയും എരുമകളേയുമൊക്കെ റോഡ് സൈഡിൽ കെട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളിൽ അങ്ങനെ കെട്ടിയിടുന്നവർ കെട്ടഴിച്ച് പോകാറുമുണ്ട്. ഇങ്ങനെ പോകുന്നവ പല നാശ നഷ്ടങ്ങളും ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തരാഖണ്ഡിൽ നടന്നത്.
വഴിയരികില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ഒരു സ്കൂട്ടര്‍ അതുവഴി പോയ ഒരു പശു ഓടിച്ച് കൊണ്ട് പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റോഡിന്റെ ഒരു വശത്ത് ഒരു സ്കൂട്ടർ സ്റ്റാൻഡില്‍ നിർത്തിയിട്ടിരിക്കുന്നു. പെട്ടെന്ന് അതുവഴി വന്നൊരു പശു തിരിഞ്ഞ് നിന്ന് നിർത്തിയിട്ട സ്കൂട്ടറിലേക്ക് മുന്കാലുകളെടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ സ്കൂട്ടറുമായി പശു പോകുന്നു.
യാഥാർഥ്യത്തിൽ സ്കൂട്ടറിന് മുകളിലേക്ക് പശു തന്റെ മുന്‍കാലുകൾ എടുത്ത് വച്ചപ്പോൾ സൈഡ് സ്റ്റാന്റില്‍ വച്ചിരുന്ന സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും മറിഞ്ഞ് മുന്നിലേക്ക് ഉരുണ്ട് പോയതാണ്. ഈ സമയം ബാലന്‍സിന് വേണ്ടി പശു പിന്കാലുകൾ കൂടി മുന്നിലേക്ക് വയ്ക്കുമ്പോൾ സ്കൂട്ടര്‍ അല്പദൂരം നീങ്ങിപ്പോവുകയും ചെയ്തതാണ്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പശു ഒന്നു ടെസ്റ്റ് ഡ്രൈവ് പോയതാണെന്നാണ് മിക്കവരും കമന്റ് ചെയ്തത്.