ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞോ…? സൂപ്പര്‍ താരത്തിന്റെ ഒരു ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ ഉയര്‍ന്ന ചോദ്യമായിരുന്നു ഇത്.
നരച്ച താടിയോടെ നില്ക്കുന്ന കോഹ്ലിയുടെ ചിത്രമാണ് ഈ ചോദ്യത്തിലേക്ക് ആരാധകരെ എത്തിച്ചതെന്നതാണ് വാസ്തവം. മാത്രമല്ല, നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ ഉള്ളത്.
2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2025 ഐപിഎല്‍ പോരാട്ടത്തിനിടെ, മേയ് 12ന് ടെസ്റ്റില്‍നിന്നും വിരാട് കോഹ്ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്ല. ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരേയും നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഏകദിന പരമ്പരകളുണ്ട്.
ഇംഗ്ലണ്ടില്‍ പരിശീലനം
2025 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്കു പറന്നതാണ്. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മ, മക്കളായ വമിക, അകായ് എന്നിവര്‍ക്കൊപ്പം ലണ്ടനിലാണ് കോഹ്ലിയുടെ താമസം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുമായി കോഹ്ലി ലണ്ടനില്‍വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ യുവരാജ് സിംഗിന്റെ ചാരിറ്റി പരിപാടി, 2025 വിംബിള്‍ഡണ്‍ തുടങ്ങിയവയിലും കോഹ്ലി സംബന്ധിച്ചു.
ഇന്ത്യന്‍ ഏകദിന ടീമിനൊപ്പമുള്ള പരമ്പര മുന്നില്‍ക്കണ്ട് വിരാട് കോഹ്ലി ലണ്ടനില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അസിസ്റ്റന്റ് കോച്ചായ നയീം അമീന്റെ അസിസ്റ്റില്‍ ഇന്‍ഡോര്‍ നെറ്റ്സ് പരിശീലനം നടത്തുന്ന ചിത്രം കോഹ്ലി പങ്കുവച്ചിരുന്നു.
ആശങ്കയ്ക്കു കാരണം നരച്ച താടി
പ്രൈം സ്പോര്‍ട്സ് ആന്‍ഡ് മീഡിയ കണ്‍സള്‍ട്ടിംഗ് ചീഫായ ശാശ് കിരണിനൊപ്പം നില്ക്കുന്ന കോഹ്ലിയുടെ ചിത്രമാണ്, സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍ ആശങ്കയ്ക്കു കാരണം. ചിത്രത്തില്‍ കോഹ്ലിയുടെ നരച്ച താടി വ്യക്തമായി കാണാം.
നാലു ദിനം ഇടവിട്ട് നരച്ച താടിയില്‍ കളര്‍ ചെയ്യേണ്ടിവരുമ്പോള്‍ മറ്റു ചിലകാര്യങ്ങളും അതൊടൊപ്പം വ്യക്തമാണ് എന്നായിരുന്നു ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതിനെ കുറിച്ചുള്ള കോഹ്ലിയുടെ വെളിപ്പെടുത്തല്‍. ഇതാണ് കോഹ്ലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് കാലം കഴിഞ്ഞെന്നുള്ള ആശങ്ക ഉയരാന്‍ കാരണം.
ടെസ്റ്റില്‍ 123 മത്സരങ്ങളില്‍നിന്ന് 30 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം കോഹ്ലി 9230 റണ്‍സ് നേടിയിരുന്നു. 302 ഏകദിനങ്ങളില്‍നിന്ന് 51 സെഞ്ചുറിയും 74 അര്‍ധസെഞ്ചുറിയുമടക്കം 14,181 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ട്വന്റി-20യില്‍ ഒരു സെഞ്ചുറിയും 38 അര്‍ധസെഞ്ചുറിയുമടക്കം 4188 റണ്‍സുമുണ്ട്.
കോഹ്ലി – രോഹിത്: എന്നു വരും
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലും രോഹിത് ശര്‍മയും ഒന്നിച്ചു കളത്തിലെത്തുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. മാര്‍ച്ച് ഒമ്പതിനു നടന്ന 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണ് ഇരുവരും ഇന്ത്യക്കായി അവസാനം കളിച്ച മത്സരം. ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിനു കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായിരുന്നു.
2024 ട്വന്റി-20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ വിരാട് കോഹ്ലിക്കൊപ്പം രോഹിത്തും രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റില്‍ ഫോം കണ്ടെത്താനാകാത്ത പശ്ചാത്തലത്തില്‍ മേയ് ഏഴിന് ഏവരെയും ഞെട്ടിച്ച് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കോഹ്ലിയും റെഡ് ബോള്‍ ക്രിക്കറ്റിനോടു വിടപറഞ്ഞു.
ഇന്ത്യയുടെ അടുത്ത പോരാട്ടവേദി ഏഷ്യ കപ്പ് ട്വന്റി-20യാണ്. അതിനുശേഷം വെസ്റ്റ് ഇന്‍ഡീസിന് എതിരേ രണ്ട് ടെസ്റ്റ്. തുടര്‍ന്ന് ഒക്ടോബറില്‍ മൂന്നു മത്സര ഏകദിന പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്കു പറക്കും. ഈ പരമ്പരയില്‍ കോഹ്ലിയും രോഹിത്തും ഉണ്ടാകുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിൽ
ടെസ്റ്റ്
മത്സരം: 123 റണ്‍സ്: 9230 ശരാശരി: 46.85 100/50: 30/31
ഏകദിനം
മത്സരം: 302 റണ്‍സ്: 14,181 ശരാശരി: 57.88 100/50: 51/74
ട്വന്റി-20
മത്സരം: 125 റണ്‍സ്: 4188 ശരാശരി: 48.69 100/50: 1/38