നവാസ് മേത്തർ
തലശേരി: പാനൂർ വള്ള്യായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്തിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
പൊട്ടിക്കരഞ്ഞ് ശ്യാംജിത്ത്
അറസ്റ്റിലായ ആദ്യ മണിക്കൂറുകളിൽ കൂസലില്ലാതെ നിന്ന പ്രതി പിന്നീട് പൊട്ടിക്കരയുന്ന കാഴ്ചയാണ് അന്വേഷണ സംഘം കണ്ടത്.
” അവളെ മറക്കാനാവുന്നില്ല, അവളുടെ മുഖം മനസിൽനിന്നു മായുന്നില്ല … എന്നിങ്ങനെ പുലമ്പി കൊണ്ടായിരുന്നു ശ്യാംജിത്തിന്റെ കരച്ചിൽ.
അന്വേഷണ ഉദ്യോഗസ്ഥരോട് പൂർണമായും സഹകരിച്ച പ്രതി ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയാണ് നൽകിയത്.
ബികോം വരെ പഠിച്ചിട്ടുള്ള ശ്യാംജിത്ത് ബാങ്ക് ജോലി നേടുന്നതിനുള്ള പരിശീലനത്തിനിടയിലാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഏറെ സൗമ്യനും കുടുംബത്തിന് സഹായിയുമായ ശ്യാംജിത്തിന്റെ പുതിയ മുഖം മാനന്തേരി നിവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
പ്രതിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടയിൽ “എന്തിനാടാ മോനെ നീ ഇത് ചെയ്തത്’ എന്ന ശ്യാംജിത്തിന്റെ പിതാവിന്റെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള ചോദ്യം, കണ്ടുനിന്നവർക്ക് നൊമ്പര കാഴ്ചയായി.
ഏക മകൻ നടത്തിയ ക്രൂരകൃത്യം ഉൾക്കൊള്ളാൻ ഇനിയും ആ മാതാപിക്കാക്കൾക്കായിട്ടില്ല. മകന്റെ അഞ്ച് വർഷം നീണ്ടു നിന്ന പ്രണയത്തെക്കുറിച്ച് ആ മാതാപിതാക്കൾക്ക് ഒരു സൂചനപോലും ലഭിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ എം.പി.ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതി വയിലായത്.
പോലീസിന് പ്രതിയിലേക്കെത്താൻ നിർണായക വിവരം കൈമാറിയ പൊന്നാനി സ്വദേശിയും ടിക്ക് ടോക്ക് താരവുമായ യുവാവിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.
ഇയാളെ കൂത്തുപറമ്പിലേക്ക് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.