തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ദിനത്തിലും ക്രെഡിറ്റിനെ ചൊല്ലി പോരടിച്ച് കോണ്‍ഗ്രസും സിപിഎമ്മും. വിഴിഞ്ഞം സ്വപ്ന പദ്ധതി യാഥാർത്ഥ്യമായതിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഡ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓർമകളെയും വികസന പ്രവർത്തനങ്ങളെയും ആർക്കും ഓർമകളിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്നും 2018 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞ പഴയ വീഡിയോയും പദ്ധതിക്കെതിരേ സിപിഎം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കടൽക്കൊള്ള എന്ന ലേഖനവും പുറത്ത് വിട്ടാണ് വി.ഡി. സതീശൻ മറുപടി നൽകിയിരിക്കുന്നത്.
ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് വി.ഡി.സതീശൻ കുറിച്ചു.