ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ ഇന്ത്യ സഖ്യം പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിപക്ഷ എംപിമാർ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഇന്ത്യ സംഖ്യത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും മാർച്ച് പ്രതിപക്ഷനേതാക്കൾ പറഞ്ഞു.
രാവിലെ പതിനൊന്നരയോടെ പാർലമെന്റിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കും. ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം പാർലമെന്റിനു പുറത്ത് ഇന്ത്യ മുന്നണി നടത്തുന്ന ആദ്യ സംയുക്ത പരിപാടിയാണ് ഇന്നത്തെ പ്രതിഷേധ മാർച്ച്. “വോട്ട് ചോരി’ എന്ന വിഷയത്തിൽ വിവിധ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. മുന്നണിയിൽനിന്നു പുറത്തുപോയ ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്.
പല വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും രാഹുൽ ഉന്നയിച്ച വോട്ട് കൊള്ളയിലും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലും ഒരേ സ്വരത്തിലാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിപ്പിക്കുന്നതിലും പ്രതിപക്ഷം ഒറ്റക്കെട്ടായിരുന്നു.
വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെ ആരോപണം ശക്തമാക്കി ഇന്ത്യ മുന്നണിയിലെ കൂടുതൽ നേതാക്കൾ രംഗത്തുവന്നു. യുപിയിലും വൻ ക്രമക്കേട് നടന്ന തായി സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബിഹാറിൽ ക്രമക്കേട് നടന്നതായി ആർജെഡി അധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചൂണ്ടിക്കാട്ടി.
അതേസമയം, മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാരെയും കമ്മീഷൻ കാണണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്.
വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരും. വൈകുന്നേരം നാലരയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽഗാന്ധി, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, വോട്ട് കൊള്ള ആരോപണത്തിൽ രേഖകൾ ഹാജരാക്കാൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് നോട്ടീസയച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ കാണിച്ച ടിക് മാർക്ക് ചെയ്ത വോട്ടർമാരുടെ ഐഡി ഉൾപ്പെട്ട രേഖ പ്രാഥമിക അന്വേഷണത്തിൽ പോളിംഗ് ഓഫീസർ നൽകിയതല്ലെന്നു വ്യക്തമായിട്ടുണ്ട്. പോളിംഗ് ഓഫീസർ ടിക് മാർക്ക് ചെയ്തതായി രാഹുൽ ആരോപിച്ചിരുന്നു.
അതിനാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് കൃത്യമായ രേഖകൾ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ രാഹുലിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ശകും റാണി എന്നയാൾ രണ്ടു തവണ വോട്ട് ചെയ്തതായി രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ അന്വേഷണത്തിൽ ശകും റാണി ഒരു തവണ മാത്രമാണു വോട്ട് ചെയ്തതെന്ന് അവർതന്നെ സമ്മതിച്ചിട്ടുണ്ട്. ഇരട്ട വോട്ടുകൾ ആരെങ്കിലും ചെയ്തുവെന്നതിനു രേഖകൾ സമർപ്പിക്കണമെന്നും അക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി അന്വേഷണം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കി.