പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി കോൺഗ്രസ്. ജീവിച്ചിരിക്കുന്നയാളെ വോട്ടർപട്ടികയിൽ ഡിലീറ്റ് സീൽ അടിച്ച് ഒഴിവാക്കിയതായി മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ജനറൽ സെക്രട്ടറി ബിജു മുണ്ടുവേലിക്കുന്നേൽ എന്നിവർ ആരോപിച്ചു.
നാലാം വാർഡിൽ ക്രമനമ്പർ 253, 427-ാം നമ്പർ വീട്ടിലെ മുതുകുളം ജോസഫ് ഔസേപ്പ് എന്ന വോട്ടറെയാണ് ഒഴിവാക്കിയത്. മരിച്ചവരുടെ പേര് നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സീലാണ് വോട്ടർ പട്ടികയിൽ വച്ചിരിക്കുന്നത്.
വോട്ടറെ പഞ്ചായത്ത് സെക്രട്ടറിയുടെ മുമ്പിൽ ഹാജരാക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്നും സിപിഎം പ്രവർത്തകരുടെ ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ നീക്കം ചെയ്യാനാണ് ശ്രമമെന്നും ഇവർ ആരോപിച്ചു.