കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്നവരുടെയടക്കം വോട്ട് പ്രത്യേക വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മാനസിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തെ പൗരന്മാരാണെന്നു കോടതി ചൂണ്ടിക്കാട്ടി. പാലാ മരിയാ സദനത്തിലെ അന്തേവാസികളുടെ വോട്ട് ചാലഞ്ച് വോട്ടായി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ജോമോന് ജേക്കബ്, തോമസ് പള്ളിയില്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് പരിഗണിച്ചത്.
പാലാ നഗരസഭ ഏഴാം ഡിവിഷനിലെ മരിയ സദനത്തിലെ 60 അന്തേവാസികളുടെ പേര് ഒരേ വീട്ടുനമ്പറില്‍ കരട് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു. പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നേരത്തേ മുനിസിപ്പാലിറ്റി ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
അധികൃതര്‍ അന്തിമ പട്ടികയില്‍ മറ്റുള്ളവരെ നിലനിര്‍ത്തി. തുടര്‍ന്നാണ് വോട്ട് പ്രത്യേകം രേഖപ്പെടുത്തി സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, തെളിവിന്റെ കണികപോലുമില്ലാതെയും മരിയസദനത്തിന്റെ പ്രതിനിധികളെ കക്ഷി ചേര്‍ക്കാതെയും നല്കിയ ഹര്‍ജി, അന്തേവാസികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനോനില തെറ്റിയവരെന്ന് കോടതി സാക്ഷ്യപ്പെടുത്തിയവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കേണ്ടതില്ലെന്ന് കേരള മുനിസിപ്പാലിറ്റി ആക്ടില്‍ വ്യവസ്ഥയുണ്ടെങ്കിലും എതിര്‍കക്ഷികളെ കേള്‍ക്കുക പോലും ചെയ്യാതെ ഇതു വിലയിരുത്തുന്നത് ഉചിതമല്ല. മാനസിക രോഗം ഒരു പാപമല്ല. ആര്‍ക്കും സംഭവിക്കാവുന്നതാണിത്.
അങ്ങനെ മുദ്രകുത്തുന്നതോടെ അവര്‍ അന്തസ് നഷ്ടപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പടുന്ന അവസ്ഥയുണ്ടാകും. വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ വിവേചനവും നേരിടും. മുഖ്യധാരയിലെത്തിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

