ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ വിവിധ പോരാട്ടങ്ങളിൽ നേതൃത്വം നൽകിയ കഴിവുള്ള സംഘാടകനായിരുന്നു വി.എസെന്ന് പിബി അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിർമാണ- ഭരണ നടപടികൾ സ്വീകരിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ മരണത്തിലൂടെ പാർട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണു സംഭവിച്ചത്. വിഎസിനോടുള്ള ആദരസൂചകമായി ചുവന്ന പതാക താഴ്ത്തിക്കെട്ടുന്നതായും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും ചെയ്യുന്നതായി പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു
പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണു വി.എസ് അച്യുതാന്ദൻ. തന്റെ ദീർഘകാല പൊതുജീവിതത്തിൽ കേരളത്തിന്റെ വികസനത്തിനു സംഭാവന നൽകുകയും സാധാരണക്കാർക്കുവേണ്ടി അദ്ദേഹം ജീവിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണു വി.എസ്. അച്യുതാനന്ദന്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ഗവർണർ രാജേന്ദ്ര അർലേക്കർ
കേരളത്തിലും ദേശീയ തലത്തിലും ഇടതുപക്ഷത്തിന് ദിശാബോധം നൽകിയ നേതാവിയിരുന്നു വി.എസ്. അച്യുതാനന്ദന്. വിഎസിന്റെ വിയോഗത്തോടെ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഒരു യുഗംകൂടിയാണ് അവസാനിക്കുന്നത്.
വി.ഡി. സതീശൻ
രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചുവെന്നും തോന്നിയിട്ടുണ്ട്. നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷേ ആ പരിമിതിയെ വിഎസ് പരിഗണിച്ചതേയില്ല.
സണ്ണി ജോസഫ്
മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖ ങ്ങളിൽ നേതൃത്വം വഹിച്ചു. കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.
പി.ജെ. ജോസഫ്
വിഎസിന്റെ ജീവിതം നിരന്തരമായ പോരാട്ടത്തിന്റേതായിരുന്നു. ഉറച്ച നിലപാടുകൾ എല്ലാക്കാര്യങ്ങളിലും അദ്ദേഹം എടുത്തിരുന്നു. നിയമസഭയ്ക്കകത്തും പുറത്തും ധീരമായ നിലപാടുകൾ സ്വീകരിച്ച നേതാവാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയമായി പരസ്പരം പോരാടിയിരുന്നപ്പോഴും വി.എസ്. അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു. പ്രവർത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം വി.എസിന്റേതായ ശൈലിയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് വലിയ ഹരവുമായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചപ്പോഴുണ്ടായിരുന്ന ആദർശം മുഖ്യമന്ത്രിയായപ്പോഴും കൈവെടിഞ്ഞില്ല.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖ്യമന്ത്രിമാരിൽ എന്നും ഓർമിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി.എസ്. അച്യുതാനന്ദന്. ജനകീയ സമരനായകൻ, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി വി.എസ്. അച്യുതാനന്ദൻ ചെയ്ത സേവനങ്ങൾ സമൂഹം എന്നും അനുസ്മരിക്കും. സുദീർഘമായ തന്റെ രാഷ്ട്രീയജീവിതം കേരളത്തിനായി സമർപ്പിച്ച അദ്ദേഹത്തിന് അന്ത്യപ്രമാണം അർപ്പിക്കുന്നു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്
സംസ്ഥാനത്തിന് വി.എസ്. അച്യുതാനന്ദന് നൽകിയ സംഭാവനകളെയും നന്മകളെയും ഓർത്ത് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ഏതു വിഷയത്തിലും ശരിയുടെ ജനപക്ഷത്ത് നിലയുറപ്പിച്ച നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദനെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്. ജീവിതംതന്നെ ജനസേവനത്തിനായി മാറ്റിവച്ച വിഎസിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണ്.